കൊല്ലം : ഗവിയിലേക്ക് ഒരു യാത്ര പോയതായിരുന്നു കൊല്ലം ശാസ്താംകോട്ട ആനയടി തീർത്ഥത്തിൽ മനുരാജും കുടുംബവും. പക്ഷേ തിരികെ വരുമ്പോൾ ഒരാൾ കൂടി ഒപ്പം കൂടിയത് ആ കുടുംബം അറിഞ്ഞിരുന്നില്ല. തിരികെ വീട്ടിലെത്തിയ ശേഷം വളർത്തുനായ ബാബർ ആണ് വാഹനത്തിനുള്ളിൽ ഒരു അതിഥി കൂടിയുണ്ടെന്ന് തിരിച്ചറിഞ്ഞത്.
വളർത്തു നായയുടെ പതിവില്ലാത്ത കുരകേട്ട് വാഹനത്തിൽ നോക്കിയ വീട്ടുകാർ ശരിക്കും ഞെട്ടിപ്പോയി. ആറടിയോളം നീളമുള്ള ഒരു രാജവെമ്പാല ആണ് ഗവിയിൽ നിന്നും കൂടെ പോന്നത്. ഗവിയിൽ വെച്ച് കാറിന്റെ ബോണറ്റിനുള്ളിൽ കയറി പറ്റിയ രാജവെമ്പാല 200 കിലോമീറ്ററിലേറെയാണ് യാത്ര ചെയ്തത്. കാറിനുള്ളിൽ കയറിയ ശേഷം ഏതാണ്ട് 36 മണിക്കൂറുകൾക്കു ശേഷമാണ് രാജവെമ്പാലയ്ക്ക് പുറത്തുവരാനായത്.
ആങ്ങാമൂഴി ചെക്പോസ്റ്റിനു സമീപം വെച്ച് ഈ രാജവെമ്പാലയെ മനുരാജും കുടുംബവും കണ്ടിരുന്നു. വാഹനം നിർത്തി ഇറങ്ങിയശേഷം വിശദമായി ഫോട്ടോ എടുക്കുകയും ചെയ്തു. തിരികെ വാഹനത്തിൽ കയറി പോകുന്ന വീട്ടുകാർ പക്ഷേ പാമ്പും തങ്ങളോടൊപ്പം കൂടിയത് അറിഞ്ഞില്ല. തിരികെ വീട്ടിലേക്ക് മടങ്ങിയെത്തിയ കുടുംബം കാർ മുറ്റത്ത് തന്നെയിട്ടു.
രാവിലെ വീട്ടിലെ വളർത്തുനായ ആയ ബാബർ പതിവില്ലാതെ കാറിന്റെ ബോണറ്റിന് മുൻപിൽ നിന്ന് മണം പിടിക്കുകയും ഉച്ചത്തിൽ കുരയ്ക്കുകയും ചെയ്യുന്നത് കണ്ടാണ് കുടുംബത്തിന് സംശയം തോന്നുന്നത്. തുടർന്ന് വാവ സുരേഷിനെ വിവരമറിയിച്ചു. വാവ സുരേഷ് എത്തി ബോണറ്റ് തുറന്നു നോക്കിയെങ്കിലും ആദ്യം പാമ്പിനെ കണ്ടെത്താനായില്ല. എന്നാൽ വളർത്തുനായ വീണ്ടും വന്ന് കാരന്റെ ഒരു പ്രത്യേക ഭാഗത്ത് നിന്ന് മണം പിടിച്ച് കുരയ്ക്കാനായി ആരംഭിച്ചു. ഈ സ്ഥലത്ത് പരിശോധിച്ചപ്പോഴാണ് ആറടി നീളമുള്ള രാജവെമ്പാല കാറിൽ കിടക്കുന്നതായി കണ്ടത്. ഒടുവിൽ മണിക്കൂറുകൾ നീണ്ട ശ്രമത്തിലൂടെയാണ് രാജവെമ്പാലയെ ബോണറ്റിൽ നിന്നും പുറത്തെടുക്കാൻ കഴിഞ്ഞത്. പിടികൂടിയ രാജവെമ്പാലയെ വനം വകുപ്പിന് കൈമാറി.
Discussion about this post