ഇടുക്കി : മൂന്നാറിൽ ഓട്ടോയിൽ നിന്നും ചാടിയതിനാൽ പെൺകുട്ടികൾക്ക് പരിക്കേറ്റു. ഡ്രൈവർ മദ്യലഹരിയിൽ അമിതവേഗതയിൽ കുതിച്ചുപാഞ്ഞതു കൊണ്ട് ഭയന്നാണ് പെൺകുട്ടികൾ ഓട്ടോയിൽ നിന്നും പുറത്തേക്ക് ചാടിയത്. പരിക്കേറ്റ പെൺകുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മൂന്നാറിൽ ലക്ഷ്മി റോഡിലാണ് സംഭവം ഉണ്ടായത്. ഡ്രൈവർ മദ്യലഹരിയിൽ അമിതവേഗതയിൽ പായിച്ചതോടെ രക്ഷപ്പെടാനായി പുറത്തേക്ക് ചാടുകയായിരുന്നു എന്ന് പെൺകുട്ടികൾ പറയുന്നു. മൂവാറ്റുപുഴ സ്വദേശിയായ പെൺകുട്ടിക്കും കന്നിമല സ്വദേശിനിയായ പെൺകുട്ടിക്കും ആണ് പരിക്കേറ്റത്. മൂന്നാർ ടൗണിൽ നിന്നും മാങ്കുളം വിരിപ്പാറയിലേക്ക് പോകാനാണ് ഈ പെൺകുട്ടികൾ ഓട്ടോയിൽ കയറിയത്.
ഓട്ടോ യാത്ര തുടങ്ങിയ ശേഷമാണ് ഡ്രൈവർ മദ്യലഹരിയിൽ ആണെന്ന് പെൺകുട്ടികൾക്ക് മനസ്സിലായത്. ഇതോടെ ഓട്ടോ നിർത്താൻ ഇവർ ആവശ്യപ്പെട്ടു. എന്നാൽ ഡ്രൈവർ അത് വകവയ്ക്കാതെ ഓട്ടോ അമിത വേഗതയിൽ കുതിച്ചുപായിക്കുകയായിരുന്നു. ഇതോടെ ഭയന്ന് വിദ്യാർത്ഥിനികൾ പുറത്തേക്ക് എടുത്തുചാടി. സംഭവത്തിൽ ഓട്ടോ ഡ്രൈവർ ആയ മാങ്കുളം കുരിശുപാറ സ്വദേശി വിഷ്ണുവിനെ പോലീസ് അറസ്റ്റ് ചെയ്തു.
Discussion about this post