ന്യൂഡൽഹി: ഇന്ത്യൻ മുജാഹിദ്ദീൻ ഗൂഢാലോചന കേസിൽ അഞ്ചാം പ്രതി സയീദ് മഖ്ബൂലിന് 10 വർഷം തടവ് ശിക്ഷ. ഡൽഹിയിലെ പ്രത്യേക എൻ ഐ എ കോടതിയാണ് ശിക്ഷ വിധിച്ചത്.
മഖ്ബൂൽ കുറ്റക്കാരനാണെന്ന് സെപ്റ്റംബർ 23ന് കോടതി കണ്ടെത്തിയിരുന്നു. കേസിൽ ഇയാളെ കൂടാതെ മറ്റ് നാല് പ്രതികളുടെ ശിക്ഷ കോടതി നേരത്തേ പ്രഖ്യാപിച്ചിരുന്നു.
മഹാരാഷ്ട്രയിലെ നാന്ദദ് സ്വദേശിയായ മഖ്ബൂൽ 2013 ഫെബ്രുവരി 28നാണ് അറസ്റ്റിലാകുന്നത്. പാകിസ്താനിലും ഇന്ത്യയിലുമായി പ്രവർത്തിച്ചിരുന്ന ഇന്ത്യൻ മുജാഹിദ്ദീൻ എന്ന ഭീകര സംഘടനയുടെ വിവിധ കണ്ണികളുമായി ഇയാൾ അടുത്ത ബന്ധം പുലർത്തിയിരുന്നു. ഗൂഢാലോചനകളിലും കുറ്റകൃത്യങ്ങളിലും ഇയാളുടെ സജീവ പങ്കാളിത്തം കോടതിക്ക് ബോദ്ധ്യപ്പെടുകയായിരുന്നു.
പാകിസ്താനിൽ പ്രവർത്തിച്ചിരുന്ന ഇന്ത്യൻ മുജാഹിദ്ദീൻ ഭീകരരായിരുന്ന റിയാസ് ഭട്കൽ, ഇമ്രാൻ ഖാൻ എന്നിവരുമായും ഇന്ത്യയിൽ പ്രവർത്തിച്ചിരുന്ന ഇന്ത്യൻ മുജാഹിദ്ദീൻ ഭീകരനായിരുന്ന ഒബൈദ് ഉർ റഹ്മാനുമായും മഖ്ബൂൽ അടുത്ത ബന്ധം പുലർത്തിയിരുന്നതായി എൻ ഐ എ അന്വേഷണത്തിൽ വ്യക്തമായിരുന്നു. ഇന്ത്യയിലെ വിവിധയിടങ്ങളിൽ ഭീകരാക്രമണങ്ങൾ നടത്താൻ ഇവർ ഗൂഢാലോചന നടത്തി. ഹൈദരാബാദ് ആയിരുന്നു ഇവരുടെ പ്രധാന ലക്ഷ്യമെന്നും എൻ ഐ എ കണ്ടെത്തിയിരുന്നു.
2006 മാർച്ച് 7ലെ വാരാണസി സ്ഫോടനം, 2006 ജൂലൈ 11ലെ മുംബൈ സ്ഫോടന പരമ്പര, 2007 നവംബർ 23ലെ വാരാണസി, ഫൈസാബാദ്, ലഖ്നൗ കോടതി സ്ഫോടനങ്ങൾ, 2007 ഓഗസ്റ്റ് 25ലെ ഹൈദരാബാദ് ഇരട്ട സ്ഫോടനങ്ങൾ, 2008ലെ ജയ്പൂർ സ്ഫോടന പരമ്പരകൾ, 2008ലെ ഡൽഹി സ്ഫോടന പരമ്പര, 2008 ജൂലൈ 26ലെ അഹമ്മദാബാദ് സ്ഫോടന പരമ്പര, 2010ലെ ബാംഗ്ലൂർ ചിന്നസ്വാമി സ്റ്റേഡിയം സ്ഫോടനം, 2013ലെ ഹൈദരാബാദ് ഇരട്ട സ്ഫോടനങ്ങൾ എന്നിവയ്ക്ക് പിന്നിൽ ഇന്ത്യൻ മുജാഹിദ്ദീന്റെ നേതൃത്വത്തിൽ വൻ ഗൂഢാലോചന നടന്നതായും എൻ ഐ എ വ്യക്തമാക്കി.
കേസിലെ നാല് പ്രതികളായ ഡാനിഷ് അൻസാരി, അഫ്താബ് ആലം, ഇമ്രാൻ ഖാൻ, ഒബൈദ് ഉർ റഹ്മാൻ എന്നിവർക്ക് യുഎപിഎ പ്രകാരം നേരത്തേ എൻ ഐ എ കോടതി 10 വർഷം വീതം തടവ് ശിക്ഷ വിധിച്ചിരുന്നു. കേസിലെ മറ്റ് പ്രതികളായ യാസീൻ ഭട്കൽ, അസദുള്ള അക്തർ, സിയാവുർ റഹ്മാൻ, തെഹ്സിൻ അക്തർ, ഹൈദർ അലി എന്നിവർക്കെതിരെ യുഎപിഎ ഉൾപ്പെടെയുള്ള വിവിധ വകുപ്പുകൾ പ്രകാരം അന്വേഷണം തുടരുകയാണ്.
Discussion about this post