ഡല്‍ഹി: ദേശീയ ഗാനമായ ‘ജനഗണമന’യില്‍ ചില വ്യത്യാസങ്ങള്‍ വരുത്തണമെന്ന് ബിജെപി നേതാവ് സുബ്രഹ്മണ്യം സ്വാമി. ഇക്കാര്യം ആവശ്യപ്പെട്ട് സ്വാമി പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് കത്തയച്ചു.
ജനഗണമനയുടെ ഈണം നിലനിര്‍ത്തി വരികളില്‍ ചില വ്യത്യാസങ്ങള്‍ വരുത്തണമെന്നാണ് സ്വാമി മുന്നോട്ട് വെക്കുന്ന പ്രധാന ആവശ്യം. ഇന്ത്യന്‍ നാഷണല്‍ ആര്‍മിയുടെ ഔദ്യോഗിക ഗാനത്തില്‍ നേതാജി സുഭാഷ് ചന്ദ്രബോസ് വരുത്തിയതിന് സമാനമായ മാറ്റങ്ങള്‍ ദേശീയ ഗാനത്തിലും വരുത്താന്‍ മോദി പാര്‍ലമെന്റില്‍ സമ്മര്‍ദ്ദം ചെലുത്തണമെന്നാണ് കത്തില്‍ സ്വാമി ആവശ്യപ്പെടുന്നത്.
ദേശീയ ഗാനത്തില്‍ ബ്രിട്ടീഷ് രാജാവിനെ പ്രത്യക്ഷമായോ പരോക്ഷമായോ സൂചിപ്പിക്കുന്ന തരത്തിലുള്ള വാക്കുകള്‍ ഒഴിവാക്കണമെന്നായിരുന്നു നേതാജി ആവശ്യപ്പെട്ടത്. ദേശീയ ഗാനത്തിലെ നേതാജിയുടെ നിലപാട് അനുസരിച്ച് 95 ശതമാനം വാക്കുകളും ദേശീയ ഗാനത്തില്‍ നിലവിലുള്ളത് തന്നെയാണ്. അവശേഷിക്കുന്ന അഞ്ചു ശതമാനം തിരുത്തണമെന്നായിരുന്നു നേതാജിയുടെ നിലപാട്. അതുകൊണ്ടുതന്നെ, അദ്ദേഹം വരുത്തിയ മാറ്റങ്ങളോടു കൂടിയ ദേശീയ ഗാനം പാര്‍ലമെന്റില്‍ ഔദ്യോഗികമായി അംഗീകരിക്കുന്നത് സുഭാഷ് ചന്ദ്രബോസിനോടും സ്വാതന്ത്ര സമര സേനാനികള്‍ക്കുമുള്ള ഉചിതമായ ആദരവായിരിക്കുമെന്നാണ് സ്വാമിയുടെ വാദം.
വന്ദേമാതരമാണോ ജനഗണമനയാണോ നമ്മുടെ ദേശീയ ഗാനമാകേണ്ടത് എന്ന കാര്യത്തില്‍ അന്ന് കാര്യമായ അഭിപ്രായവ്യത്യാസമുണ്ടായിരുന്നു. 1949 നവംബര്‍ 26ാം തിയതി ഇക്കാര്യത്തില്‍ ഒരു അന്തിമ തീരുമാനം കൈക്കൊള്ളമെന്നിരിക്കെ ദേശീയ ഗാനത്തിന്റെ കാര്യത്തില്‍ വോട്ടെടുപ്പിന് പോകുന്നതിന് പകരം ജനഗണമന ദേശീയ ഗാനമായി സ്വീകരിക്കാമെന്ന് അന്നത്തെ പ്രസി!ഡന്റ് ഡോ. രാജേന്ദ്ര പ്രസാദ് തീരുമാനിക്കുകയായിരുന്നു. ആവശ്യമെങ്കില്‍ ഭാവിയില്‍ ദേശീയ ഗാനത്തിന്റെ വരികളില്‍ വ്യത്യാസം വരുത്താമെന്ന് നിശ്ചയിക്കുകയും ചെയ്തിരുന്നു.ഈ ഗാനം യഥാര്‍ഥത്തില്‍ 1912ലെ കോണ്‍ഗ്രസ് സമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയ ബ്രിട്ടീഷ് രാജാവിനെ സ്വാഗതം ചെയ്തുകൊണ്ട് എഴുതിയതാണെന്ന് ചര്‍ച്ചയ്ക്കിടെ പല അംഗങ്ങളും ചൂണ്ടിക്കാട്ടിയിരുന്നു. ഇക്കാരണത്താലാണ് ആവശ്യമെങ്കില്‍ ദേശീയ ഗാനത്തില്‍ ഉപയോഗിച്ചിരിക്കുന്ന വാക്കുകളില്‍ വ്യത്യാസം വരുത്താമെന്ന് രാജേന്ദ്ര പ്രസാദ് പറഞ്ഞതെന്നും സ്വാമി കത്തില്‍ ചൂണ്ടിക്കാട്ടുന്നു.
Discussion about this post