ന്യൂഡെൽഹി: ഏഴാമത് ഇന്ത്യ മൊബൈല്‍ കോണ്‍ഗ്രസിന് പ്രധാനമന്ത്രി നരേന്ദ്ര മോദി വെള്ളിയാഴ്ച തിരിതെളിച്ചു. ജി 20 ഉച്ചകോടിക്ക് ആതിഥേയത്വം വഹിച്ച ഡൽഹിയിലെ പ്രഗതി മൈതാനിലെ ഭാരത് മണ്ഡപം കൺവെൻഷൻ സെന്ററിലാണ് മൂന്ന് ദിവസത്തെ പരിപാടി നടക്കുന്നത്.
6ജിയിൽ ഇന്ത്യ ലോകത്തെ നയിക്കുമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. ‘കഴിഞ്ഞ വർഷം തന്നെ ബ്രോഡ്‌ബാൻഡിന്റെ വേഗത ഏകദേശം മൂന്നിരട്ടി വർധിച്ചു. ആഗോള ഇന്റർനെറ്റ് വേഗതയുടെ കാര്യത്തിൽ, ഇന്ത്യ വളരെക്കാലം 118-ാം സ്ഥാനത്തായിരുന്നു, എന്നാൽ 5 ജിയുടെ വരവോടെ ഇന്ത്യ 40-ാം സ്ഥാനമെത്തി. ആരംഭിച്ച് ഒരു വർഷത്തിനുള്ളിൽ തന്നെ ജനസംഖ്യയുടെ 80% പേരെയും 97% സബ്സ്ക്രൈബർമാരെയും ഉൾക്കൊള്ളുന്ന 4 ലക്ഷത്തിലധികം ബേസ് സ്റ്റേഷനുകൾ ഇന്ത്യയിലുണ്ട്. ഇനി അടുത്തത് 6ജിയിലേക്കുള്ള ചുവടുവയ്പാണ്. ഗൂഗിൾ അതിന്റെ പിക്സൽ ഫോണുകൾ ഇന്ത്യയിൽ നിർമ്മിക്കും. സാംസങ് ഗാലക്സി ഇസെഡ് ഫോൾഡ് 5 ഉം ഐഫോൺ 15 ഉം ഇതിനകം തന്നെ ഇന്ത്യയിൽ നിർമ്മിച്ചു കഴിഞ്ഞു. താമസിയാതെ, ലോകം മുഴുവൻ ‘മെയ്ഡ് ഇൻ ഇന്ത്യ’ സ്മാർട്ട്ഫോണുകൾ ഉപയോഗിക്കും’- പ്രധാനമന്ത്രികൂട്ടിച്ചേർത്തു.
ടെലികോമിനെ ഡിജിറ്റൽ ഇന്ത്യയുടെ ‘ഗേറ്റ്‌വേ’ എന്ന് വിശേഷിപ്പിച്ച ഐടി മന്ത്രി അശ്വിനി വൈഷ്ണവ്, ഇന്ന് രാജ്യം 70 ലധികം രാജ്യങ്ങളിലേക്ക് ടെലികോം ഉപകരണങ്ങൾ കയറ്റുമതി ചെയ്യുന്നുണ്ടെന്നും കൂട്ടിച്ചേർത്തു. വേൾഡ് ടെലികമ്മ്യൂണിക്കേഷൻ സ്റ്റാൻഡേർഡൈസേഷൻ അസംബ്ലിയുടെ അടുത്ത പതിപ്പ് ഡെൽഹിയിൽ നടക്കുമെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
ആകാശ് അംബാനി (ചെയർപേഴ്‌സൺ, റിലയൻസ് ജിയോ), സുനിൽ ഭാരതി മിത്തൽ (ചെയർപേഴ്‌സൺ, ഭാരതി എന്റർപ്രൈസസ്), കുമാർ മംഗളം ബിർള (ചെയർപേഴ്‌സൺ, ആദിത്യ ബിർള ഗ്രൂപ്പ്) എന്നിവരും ചടങ്ങിൽ സംസാരിച്ചു.










