ജയ്പൂർ: എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരുടെ റെയ്ഡിന് പിന്നാലെ ഇഡി ഉദ്യോഗസ്ഥരെ അവഹേളിച്ച് രാജസ്ഥാൻ മുഖ്യമന്ത്രി. തെരുവുനായ്ക്കളെക്കാൾ കൂടുതൽ റോഡിൽ കാണുന്നത് ഇഡി ഉദ്യോഗസ്ഥരെയാണെന്ന ഗെഹ്ലോട്ടിന്റെ പരാമർശമാണ് വിവാദമായിരിക്കുന്നത്. ജയ്പൂരിൽ നടന്ന വാർത്താസമ്മേളനത്തിലായിരുന്നു അശോക് ഗെഹ്ലോട്ടിന്റെ വാക്കുകൾ. പരാമർശത്തിൽ ഗെഹ്ലോട്ടിനെതിരെ പ്രതിഷേധവും ഉയർന്നു തുടങ്ങിയിട്ടുണ്ട്. ഇന്നലെ രാജസ്ഥാനിൽ നടന്ന ഇഡി റെയ്ഡുകൾ മാദ്ധ്യമങ്ങളിൽ വലിയ വാർത്തയായിരുന്നു. ഇതിന് പിന്നാലെയാണ് മുഖ്യമന്ത്രി ഉദ്യോഗസ്ഥരെ അവഹേളിച്ച് രംഗത്തെത്തിയത്.
‘എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിന്റെയും സിബിഐയുടെയും ഉദ്യോഗസ്ഥരോട് ഞാൻ സമയം ചോദിച്ചിരുന്നു, എന്നാൽ ഇപ്പോൾ അതൊരു രാഷ്ട്രീയ ആയുധമായി മാറിയിരിക്കുന്നു. തന്റെ കൗണ്ട്‌ഡൗൺ തുടങ്ങിയത് മോദി അറിഞ്ഞിട്ടില്ല. അദ്ദേഹം ഇപ്പോൾ ഞങ്ങളുടെ ‘ഗ്യാരന്റി മാതൃക’ പിന്തുടരുകയാണ്’- ഗെഹ്‌ലോട്ട് പറഞ്ഞു.
രാജസ്ഥാനിലെ പേപ്പർ ചോർച്ച കേസുമായി ബന്ധപ്പെട്ടാണ് സംസ്ഥാന കോൺഗ്രസ് അദ്ധ്യക്ഷന്‍ ഗോവിന്ദ് സിംഗ് ദോത്തസാരയുടെ വീട്ടിൽ റെയ്ഡ് നടത്തിയത്. ഫോറിൻ എക്‌സ്‌ചേഞ്ച് മാനേജ്‌മെന്‍റ് ആക്‌ട് (ഫെമ) കേസിന്‍റെ അന്വേഷണത്തിനായി അശോക് ഗെഹ്ലോട്ടിന്റെ മകനും നോട്ടീസയച്ചു. ഇത് കൂടാതെ, ദൗസയിലെ മഹുവ സീറ്റിൽ നിന്നുള്ള പാർട്ടി സ്ഥാനാർത്ഥി ഓംപ്രകാശ് ഹഡ്‌ലയുൾപ്പെടെയുള്ളവരുടെ വസതികളിലും റൈയ്ഡ് നടന്നിരുന്നു.
Discussion about this post