മോസ്കോ : ഇറാൻ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി മോസ്കോയിൽ വെച്ച് ഹമാസ് ഭീകരരുമായി കൂടിക്കാഴ്ച നടത്തിയതായി റിപ്പോർട്ട്. റഷ്യൻ സ്റ്റേറ്റ് മീഡിയ ആണ് കൂടിക്കാഴ്ചയുടെ വിവരങ്ങൾ പുറത്തുവിട്ടിരിക്കുന്നത്. ഹമാസ് ഭീകരരെ മോസ്‌കോയിലേക്ക് ക്ഷണിച്ച റഷ്യയുടെ തീരുമാനത്തെ “ഭീകരവാദത്തെ പിന്തുണയ്ക്കുന്ന നടപടി” എന്നാണ് ഇസ്രായേൽ വിശേഷിപ്പിച്ചത്. ഹമാസ് ഭീകരരെ എത്രയും പെട്ടെന്ന് റഷ്യയിൽ നിന്നും പുറത്താക്കണമെന്നും ഇസ്രായേൽ ആവശ്യപ്പെട്ടു.
എന്നാൽ എല്ലാ കക്ഷികളുമായും ബന്ധം നിലനിർത്തേണ്ടത് ആവശ്യമാണെന്ന് മോസ്കോ വിശ്വസിക്കുന്നുവെന്നാണ് ഈ വിഷയത്തിൽ ക്രെംലിന്റെ പ്രതികരണം. ഗസയിലെ വെടിനിർത്തലിനെ കുറിച്ചും മാനുഷിക സഹായങ്ങൾ ഗസക്ക് നൽകുന്നതിനെക്കുറിച്ചുമാണ് ഇറാൻ മന്ത്രിയും ഹമാസ് ഭീകരരുമായി ചർച്ച നടന്നത് എന്നും റഷ്യ വ്യക്തമാക്കി.
ഹമാസ് ഭീകരരുമായി റഷ്യ ഒരുതരത്തിലുള്ള ചർച്ചയും നടത്തിയിട്ടില്ല എന്ന് പ്രസിഡന്റ് വ്‌ളാഡിമിർ പുടിന്റെ വക്താവ് ദിമിത്രി പെസ്കോവ് അറിയിച്ചു. ഇറാനും ഹമാസ് ഭീകരരും തമ്മിൽ നടത്തിയ ചർച്ചയിൽ റഷ്യൻ പ്രതിനിധി ഉണ്ടായിരുന്നില്ല എന്നും അദ്ദേഹം വ്യക്തമാക്കി. ജനങ്ങൾക്ക് വേണ്ട സഹായങ്ങൾ എത്തിക്കണമെന്ന് ഹമാസിന്റെ അബു മർസൂക്കിനോട് ഇറാന്റെ ഡെപ്യൂട്ടി രാഷ്ട്രീയകാര്യ വിദേശകാര്യ മന്ത്രി അലി ബഗേരി കാനി ആവശ്യപ്പെട്ടതായി ഇറാൻ വ്യക്തമാക്കിയിട്ടുണ്ട്.
Discussion about this post