ചെന്നൈ: ദക്ഷിണാഫ്രിക്കക്കെതിരെ ചെന്നൈയിൽ ഒരു വിക്കറ്റിന് പരാജയപ്പെട്ടതോടെ, ഈ ലോകകപ്പിലെ പാകിസ്താന്റെ സാധ്യതകൾ ഏറെക്കുറേ അവസാനിച്ചു. കളിച്ച 6 മത്സരങ്ങളിൽ നാലെണ്ണത്തിലും പാകിസ്താൻ തോറ്റതോടെയാണ് ഇത്. 1999ന് ശേഷം ദക്ഷിണാഫ്രിക്കയോട് ലോകകപ്പിലെ ആദ്യ തോൽവി വഴങ്ങിയതൊടെ, സെമി കാണാതെ പുറത്താകും എന്ന നാണം കെട്ട അവസ്ഥയിലാണ് പാകിസ്താൻ.
എന്നാൽ, സാങ്കേതികമായി സെമി ഫൈനലിലേക്ക് പാകിസ്താന് ഇനിയും സാധ്യതകളുണ്ട്. പക്ഷേ, അത് സാധ്യമാകണമെങ്കിൽ അത്ഭുതങ്ങൾ സംഭവിക്കണം.
ആറ് മത്സരങ്ങളിൽ രണ്ടെണ്ണം മാത്രം വിജയിച്ച പാകിസ്താൻ നിലവിൽ നാല് പോയിന്റുകളോടെ പട്ടികയിൽ ആറാം സ്ഥാനത്താണ്. ഇവിടെ നിന്നും ഇനി സെമിയിൽ എത്തണമെങ്കിൽ, ശേഷിക്കുന്ന മൂന്ന് മത്സരങ്ങളിലും മികച്ച റൺ റേറ്റോടെ പാകിസ്താൻ വിജയിക്കണം. മാത്രമല്ല, മറ്റ് മത്സരങ്ങളുടെ ഫലങ്ങൾ കൂടി അനുകൂലമാകണം.
വരാനിരിക്കുന്ന മൂന്ന് മത്സരങ്ങളിൽ ബംഗ്ലാദേശിനെയും ന്യൂസിലൻഡിനെയും ഇംഗ്ലണ്ടിനെയും മികച്ച മാർജിനിൽ പാകിസ്താൻ പരാജയപ്പെടുത്തണം. അപ്പോൾ പാകിസ്താന് ഇന്ത്യക്കും ദക്ഷിണാഫ്രിക്കക്കും ഒപ്പം 10 പോയിന്റ് ആകും. എന്നാൽ, ഇന്ത്യ- ദക്ഷിണാഫ്രിക്ക മത്സരം നടക്കാൻ ഇരിക്കുന്നതേയുള്ളൂ. ഈ കളിയിൽ ആര് ജയിച്ചാലും അവർ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്ത് എത്തും. അവരെ പിന്നീട് പാകിസ്താന് പിടിച്ചാൽ കിട്ടില്ല.
ഇന്ത്യക്ക് ഇനി നാല് മത്സരങ്ങളും ദക്ഷിണാഫ്രിക്കക്ക് ഇനി മൂന്ന് മത്സരങ്ങളുമാണ് ടൂർണമെന്റിൽ അവശേഷിക്കുന്നത്. പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനമോ നാലാം സ്ഥാനമോ എങ്കിലും സ്വന്തമാക്കാൻ ഇരു ടീമുകൾക്കും നിഷ്പ്രയാസം സാധിക്കും. എന്നാൽ പാകിസ്താന് മൂന്നാം സ്ഥാനത്ത് എങ്കിലും എത്തണമെങ്കിൽ മൂന്ന് വിജയങ്ങൾക്ക് പുറമേ, ഓസ്ട്രേലിയ ന്യൂസിലൻഡിനെ പരാജയപ്പെടുത്തണം. മാത്രമല്ല, ഇംഗ്ലണ്ടിനോടും അഫ്ഗാനിസ്ഥാനോടും ബംഗ്ലാദേശിനോടും തോൽക്കുകയും വേണം. അങ്ങനെ സംഭവിച്ചാൽ ഓസ്ട്രേലിയക്ക് ലീഗ് ഘട്ടത്തിൽ 8 പോയിന്റുകൾ മാത്രമാകും. അങ്ങനെ വന്നാൽ, 10 പോയിന്റുകളുമായി പാകിസ്താന് ഓസ്ട്രേലിയയെ പിന്തള്ളി മുന്നേറാം. എന്നാൽ ഇത് ഏറെക്കുറേ അസാദ്ധ്യമാണ്.
അഞ്ച് മത്സരങ്ങളിൽ നിന്നും 8 പോയിന്റുകളാണ് ന്യൂസിലൻഡിന്റെ സമ്പാദ്യം. കിവികളെ മറികടന്ന് പാകിസ്താന് മുന്നേറണമെങ്കിൽ, അവർ വരാനിരിക്കുന്ന നാല് മത്സരങ്ങളിൽ ഓസ്ട്രേലിയയോടും ദക്ഷിണാഫ്രിക്കയോടും പാകിസ്താനോടും ശ്രീലങ്കയോടും തോൽക്കണം. അങ്ങനെ സംഭവിച്ചാൽ ന്യൂസിലൻഡും 8 പോയിന്റിൽ ഒതുങ്ങും. എന്നാൽ ഇതിനുള്ള സാധ്യതകളും തുച്ഛമാണ്.
ഇതിനും പുറമേ, ശ്രീലങ്ക, അഫ്ഗാനിസ്ഥാൻ, ഇംഗ്ലണ്ട്, നെതർലൻഡ്സ്, ബംഗ്ലാദേശ് എന്നീ ടീമുകൾ തങ്ങളുടെ അവശേഷിക്കുന്ന നാല് മത്സരങ്ങളിൽ രണ്ടിൽ എങ്കിലും തോൽക്കണം. അങ്ങനെ സംഭവിച്ചാലും അടുത്ത മൂന്ന് മത്സരങ്ങളിലും മികച്ച വിജയം നേടിയാൽ മാത്രമേ പാകിസ്താന് എന്തെങ്കിലും സാധ്യതകൾ സ്വപ്നത്തിലെങ്കിലും കാണാൻ സാധിക്കൂ. ചുരുക്കിപ്പറഞ്ഞാൽ, ഏറെക്കുറേ അസാദ്ധ്യമായ, അത്ഭുതങ്ങൾ നടന്നാൽ മാത്രം പ്രതീക്ഷയ്ക്ക് വകയുള്ള ഒരു സൂചിപ്പഴുത് മാത്രമേ പാകിസ്താന് മുന്നിൽ ഇനി അവശേഷിക്കുന്നുള്ളൂ.
Discussion about this post