മിസോറാം: തിരഞ്ഞെടുപ്പിന് മുന്നോടിയായി മിസോറമിൽ ബിജെപി പ്രകടന പത്രിക പുറത്തിറക്കി. വെള്ളിയാഴ്ച്ച ഐസ്വാളിലെ പാർട്ടിയുടെ സംസ്ഥാന ആസ്ഥാനത്ത് നടന്ന ചടങ്ങിലാണ് ബിജെപി ദേശീയ പ്രസിഡന്റ് ജെപി നദ്ദ പ്രകടന പത്രിക പുറത്തിറക്കിയത്. സർക്കാർ ജോലികളിൽ സ്ത്രീകൾക്ക് 33% സംവരണം, എല്ലാ പെൺകുട്ടികൾക്കും സൗജന്യ വിദ്യാഭ്യാസം, എല്ലാ പെൺകുട്ടികൾക്കും 1.5 ലക്ഷം രൂപ ധനസഹായം എന്നിവയാണ് പ്രകടന പത്രികയിൽ ബിജെപി വാഗ്ദാനം ചെയ്യുന്നത്. ആയുഷ്മാൻ ഭാരത് പദ്ധതിയിൽ ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ 5 ലക്ഷം രൂപയിൽ നിന്ന് 10 ലക്ഷം രൂപയായി ഉയർത്തുമെന്നും ബിജെപി ഉറപ്പുനൽകുന്നു.
മിസോ നാഷണൽ ഫ്രണ്ടിന്റെ (എംഎൻഎഫ്) സാമൂഹിക സാമ്പത്തിക വികസന നയത്തിന് (എസ്ഇഡിപി) പകരമായി ലോട്ടസ് (Livelihood Opportunity Transformation and Upliftment Scheme) ആവിഷ്കരിക്കുമെന്നും നദ്ദ പറഞ്ഞു. ലോട്ടസ് പദ്ദതി വഴി മിസോറാമിലെ എല്ലാവർക്കും വീട്, വൈദ്യുതി, വാട്ടർ കണക്ഷനും നൽകും. കൂടാതെ വിദ്യാർത്ഥികൾക്ക് 10 ലക്ഷം രൂപ വരെ ഈടില്ലാത്ത വായ്പയും ഓരോ കുടുംബത്തിൽ നിന്നും ഒരു അംഗത്തിനെങ്കിലും സ്വയം തൊഴിൽ അവസരങ്ങൾ എന്നിവ നൽകുമെന്നും പ്രകടനപത്രികയിൽ വാഗ്ദാനം നൽകുന്നു.
“SEDP പദ്ധതിയിലുള്ള തെറ്റുകുറ്റങ്ങൾ മറികടക്കാൻ, ലോട്ടസ് ആരംഭിക്കുകയും ജീവിത നിലവാരവും ഉപജീവനവും മെച്ചപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള യോഗ്യരായ എല്ലാ കുടുംബങ്ങൾക്കും പദ്ധതി പ്രകാരം ഐഡി കാർഡുകൾ നൽകുകയും ചെയ്യുമെന്നും നദ്ദ കൂട്ടിച്ചേർത്തു. ഐസ്വാളിലും മിസോറാമിലെ മറ്റ് പട്ടണങ്ങളിലും ലോട്ടസ് കാർഡ് ഉടമകൾക്ക് കേവലം 5 രൂപയ്ക്ക് പോഷക സമൃദ്ധമായ ഭക്ഷണം കഴിക്കാൻ കഴിയുന്ന കാന്റീനുകൾ സ്ഥാപിക്കും.
60,000 കുടുംബങ്ങൾക്ക് 50,000 രൂപ വീതം നേരിട്ട് ധനസഹായം നൽകുകയെന്ന ലക്ഷ്യത്തോടെ എംഎൻഎഫ് സർക്കാർ കഴിഞ്ഞ വർഷം ഓഗസ്റ്റിൽ അതിന്റെ പ്രധാന പദ്ധതിയായ എസ്ഇഡിപി ആരംഭിച്ചിരുന്നു. വീണ്ടും അധികാരത്തിലെത്തിയാൽ പദ്ധതി തുടരുമെന്ന് എംഎൻഎഫ് പ്രഖ്യാപിച്ചിട്ടുണ്ട്. സോറാംതംഗയുടെ നേതൃത്വത്തിലുള്ള എംഎൻഎഫ് സർക്കാരിന്റെ പ്രധാന പദ്ധതിയായ എസ്ഇഡിപി നടപ്പാക്കിയതിലെ ക്രമക്കേടുകളും അഴിമതിയും അന്വേഷിക്കാൻ ബിജെപി പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിക്കുമെന്ന് നദ്ദ പറഞ്ഞു.
പിഎം കിസാൻ സമ്മാൻ നിധി പദ്ധതി പ്രകാരം കർഷകർക്കുള്ള വാർഷിക ധനസഹായം 6,000 രൂപയിൽ നിന്ന് 8,000 രൂപയായി വർധിപ്പിക്കും. ആയുഷ്മാൻ ഭാരത് പദ്ധതിക്ക് കീഴിലുള്ള വാർഷിക കുടുംബ ആരോഗ്യ ഇൻഷുറൻസ് 5 ലക്ഷം രൂപയിൽ നിന്ന് 10 ലക്ഷം രൂപയായി വർധിപ്പിക്കുമെന്നും പത്രികയിൽ പറയുന്നു. മിസോറാമും അസമും തമ്മിലുള്ള ദീർഘകാല അതിർത്തി തർക്കം പരിഹരിക്കാൻ ബിജെപി പ്രതിജ്ഞാബദ്ധമാണെന്നും നദ്ദ പറഞ്ഞു. സർക്കാർ സ്‌കൂളുകൾ നവീകരിക്കാൻ 250 കോടി രൂപയും പുതിയ സർക്കാർ കോളജുകൾ നിർമിക്കാനും നിലവിലുള്ളവ നവീകരിക്കാനും 350 കോടി രൂപയും ബജറ്റിൽ വകയിരുത്തുമെന്ന് ബിജെപി വാഗ്ദാനം ചെയ്തു.
നവംബർ ഏഴിനാണ് മിസോറമിൽ തിരഞ്ഞെടുപ്പ് നടക്കുക. ഡിസംബർ മൂന്നിനാണ് വോട്ടെണ്ണൽ.
Discussion about this post