ന്യൂഡൽഹി : നവരാത്രി കഴിഞ്ഞതോടെ ഡൽഹിയിൽ ഉള്ളിവില കുതിച്ചുയരുകയാണ്. വലിയ വില കൊടുത്ത് ഉള്ളി വാങ്ങേണ്ട അവസ്ഥയിൽ വലഞ്ഞിരിക്കുകയാണ് ഡൽഹിയിലെ സാധാരണ ജനങ്ങൾ. നവരാത്രിക്ക് മുമ്പ് കിലോയ്ക്ക് 20 രൂപയോളം മാത്രമായിരുന്ന ഉള്ളി വില ഇപ്പോൾ 60 മുതൽ 75 രൂപ വരെയായി വർദ്ധിച്ചിരിക്കുകയാണ്.
ഡൽഹിയിലെ സാധാരണ ജനങ്ങളെ സംബന്ധിച്ച് ഉള്ളി വില വർദ്ധിക്കുന്നത് കുടുംബ ബജറ്റ് താളം തെറ്റിക്കുന്ന ഒന്നാണ്. ഉത്തരേന്ത്യൻ ഭക്ഷണ വിഭവങ്ങളിൽ ഏറെ പ്രാധാന്യമുള്ള ഒന്നാണ് ഉള്ളി. വിലവർധനവ് ചെറുകിട ചില്ലറ വ്യാപാരികളെയും വലിയ ബുദ്ധിമുട്ടിൽ ആക്കിയിട്ടുണ്ട്. ഇടനിലക്കാരുടെയും മൊത്ത വ്യാപാരികളുടെയും പൂഴ്ത്തിവെപ്പാണ് വില ഇത്രയേറെ വർദ്ധിക്കാൻ കാരണമായതെന്നാണ് ചെറുകിട വ്യാപാരികൾ പറയുന്നത്.
വിതരണ നിരക്ക് കുറഞ്ഞതിനാൽ അധികം വൈകാതെ തന്നെ ഉള്ളി വില നൂറിൽ എത്തും എന്നാണ് വ്യാപാരികൾ കണക്കാക്കുന്നത്. ഉള്ളിയോടൊപ്പം തക്കാളി വിലയും വർദ്ധിച്ചിട്ടുണ്ട്. നവരാത്രിക്ക് മുമ്പ് 20 രൂപ മാത്രം വിലയുണ്ടായിരുന്ന തക്കാളി ഇപ്പോൾ 45 രൂപയ്ക്കാണ് വിൽപ്പന നടത്തുന്നത്.
Discussion about this post