റായ്പുർ : നിയമസഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി രാഹുൽഗാന്ധി ഛത്തീസ്ഗഡ് സന്ദർശിച്ചു. കാങ്കർ ജില്ലയിലെ ഭാനുപ്രതാപ്പൂർ നിയമസഭാ മണ്ഡലത്തിൽ നടന്ന തിരഞ്ഞെടുപ്പ് റാലിയെ രാഹുൽ ഗാന്ധി അഭിസംബോധന ചെയ്തു. ഛത്തീസ്ഗഡിൽ തുടർഭരണം ലഭ്യമായാൽ നടപ്പിലാക്കാൻ ആഗ്രഹിക്കുന്ന തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളും രാഹുൽ ഗാന്ധി പ്രഖ്യാപിച്ചു.
വീണ്ടും അധികാരത്തിൽ എത്തിയാൽ സ്കൂൾതലം മുതൽ കോളേജ് തലം വരെയുള്ള വിദ്യാർത്ഥികൾക്ക് സൗജന്യ വിദ്യാഭ്യാസം നൽകും എന്നതാണ് ഛത്തീസ്ഗഡിൽ രാഹുൽ ഗാന്ധി നൽകിയിരിക്കുന്ന പ്രധാന തെരഞ്ഞെടുപ്പ് വാഗ്ദാനം. ജാതി സെൻസസ് നടപ്പിലാക്കും എന്ന പതിവ് വാഗ്ദാനവും ഛത്തീസ്ഗഡിൽ രാഹുൽ ഗാന്ധി നൽകിയിട്ടുണ്ട്. കൂടാതെ ബീഡി തൊഴിലാളികൾക്ക് പ്രതിവർഷം 4000 രൂപ നൽകുമെന്നും വാഗ്ദാനം ചെയ്യുന്നുണ്ട്.
തിരഞ്ഞെടുപ്പ് റാലിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രൂക്ഷമായ വിമർശനം നടത്താൻ രാഹുൽഗാന്ധി മറന്നില്ല. എല്ലായിപ്പോഴും ഒബിസി എന്ന് പറയുന്ന മോദി എന്തിനാണ് ജാതി സെൻസസിനെ ഭയക്കുന്നത് എന്ന് രാഹുൽ ഗാന്ധി ചോദ്യമുന്നയിച്ചു. കോൺഗ്രസ് അധികാരത്തിൽ എത്തിയാൽ ജാതി സെൻസസ് നടപ്പാക്കുമെന്നും അതുവഴി എത്ര ഒബിസിക്കാർ ഉണ്ട് എന്ന് രാജ്യത്തിന് മനസ്സിലാകുമെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി.
Discussion about this post