കൊച്ചി: കളമശ്ശേരിയിലെ സാമ്ര ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്നുവരുന്ന യഹോവ സാക്ഷികളുടെ മേഖല സമ്മേളനത്തിനിടെ ഉണ്ടായ സ്ഫോടന സമയത്ത് ഹാളിൽ ഉണ്ടായിരുന്നത് 2000-ത്തിലേറെ പേര്‍. 9.30 നാണ് ഏവരും ഹാളിൽ എത്തിയത്. 9.40ന് പ്രാര്‍ഥന കഴിഞ്ഞതിന് തൊട്ട് പിന്നാലെയാണ് ഉഗ്ര ശബ്ദത്തോടെ പൊട്ടിത്തെറിയുണ്ടയയെന്ന് സംഭവസ്ഥലത്ത് ഉണ്ടായിരുന്നവർ പറയുന്നു. എല്ലാവരും കണ്ണടച്ചു നിന്നിരുന്നത്കൊണ്ട് എന്താണ് കൃത്യമായി സംഭവിച്ചതെന്ന് ആർക്കും വ്യക്തമല്ല. ആദ്യം ഹാളിന്റെ മധ്യഭാഗത്താണ് പൊട്ടിത്തെറിയുണ്ടായത്. പിന്നാലെ ഹാളിന്റെ ഇടതും വലുതുമായി പൊട്ടിത്തെറിയുണ്ടായി.
പൊട്ടിത്തെറിയിൽ 35 ഓളം പേർക്ക് പരുക്ക് പറ്റിയതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് സ്ഥിരീകരിച്ചിട്ടുണ്ട്. 35 പേരെയും കളമശേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇതില്‍ ഏഴ് പേര്‍ ഐസിയുവിലാണ്. ഗുരുതമായി പൊള്ളലേറ്റവരില്‍ ഒരു കുട്ടിയും ഉള്‍പ്പെടുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി. മരിച്ച സ്ത്രീയെ ഇതുവരെ തിരിച്ചറഞ്ഞിട്ടില്ല. കൂടുതല്‍ പേര്‍ക്ക് പരുക്കുണ്ടെങ്കില്‍ ആവശ്യമെങ്കില്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റുമെന്നും മന്ത്രി വ്യക്തമാക്കി. കോട്ടയത്തെ ബേണ്‍സ് യൂണിറ്റും സജ്ജമാണ്.
സംഭവസ്ഥലത്ത് കരിമരുന്നിന്റെ സാന്നിധ്യമുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. വിദഗ്ധസംഘം കരിമരുന്നിന്റെ സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. എന്‍ഐഎ കൊച്ചി യൂണിറ്റും ഇന്റലിജന്‍സ് ബ്യൂറോ സംഘവും സ്ഥലത്തെത്തിയിട്ടുണ്ട്.
Discussion about this post