തിരുവനന്തപുരം: കളമശ്ശേരിയിലെ സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ സർവ്വകക്ഷി യോഗം വിളിച്ച് മുഖ്യമന്ത്രി. നാളെ രാവിലെ 10 മണിക്ക് സെക്രട്ടറിയേറ്റിലെ മുഖ്യമന്ത്രിയുടെ കോൺഫറൻസ് ഹാളിൽ യോഗം ചേരും. എല്ലാ പാർട്ടി പ്രതിനിധികളേയും മുഖ്യമന്ത്രി സർവ്വകക്ഷിയോഗത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്. കളമശ്ശേരിയിൽ നടന്നത് അങ്ങേയറ്റം ദൗർഭാഗ്യകരമായ സംഭവമാണെന്ന് മുഖ്യമന്ത്രി പ്രതികരിച്ചിരുന്നു. മറ്റ് വിശദാംശങ്ങൾ പരിശോധിച്ചു വരികയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
കളമശ്ലേരി സാമ്ര കണ്‍വെന്‍ഷന്‍ സെന്ററില്‍ ഇന്ന് രാവിലെ നടന്നത് ബോംബ് സ്‌ഫോടനമാണെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഐഇഡി ഡിവൈസ് ഉപയോഗിച്ചുള്ള സ്‌ഫോടനമാണെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയതെന്ന് ഡിജിപി ഷെയ്ഖ് ദര്‍വേഷ് സാഹിബ് മാദ്ധ്യമങ്ങളോട് പറഞ്ഞു. സ്‌ഫോടനത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ ഉടന്‍ കണ്ടെത്തുമെന്നും അദ്ദേഹം അറിയിച്ചു. കളമശേരി സ്‌ഫോടനം പ്രത്യേക സംഘം അന്വേഷിക്കുമെന്നും ഡിജിപി പറഞ്ഞു. എഡിജിപി എം ആര്‍ അജിത്കുമാറാണ് സംഘത്തെ നയിക്കുക. കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ അക്ബര്‍, ഭീകര വിരുദ്ധ സ്ക്വാഡ് മേധാവി, രണ്ട് ഡിഐജിമാർ എന്നിവർ സംഘത്തിലുണ്ട്.
Discussion about this post