തിരുവനന്തപുരം: കളമശ്ശേരിയിൽ ഉണ്ടായ സ്‌ഫോടനം ദൗർഭാഗ്യകരമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഡൽഹിയിൽ നിന്നും തിരിച്ചെത്തിയ ശേഷം മാദ്ധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം. സംഭവത്തിൽ വിശദമായ അന്വേഷണം പുരോഗമിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
അന്വേഷണത്തിന്റെ ചുമതല ക്രമസമാധാന നിലയുടെ ചുമതലയുള്ള എഡിജിപിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തിനായിരിക്കും. കൊച്ചി ഡിസിപി ശശിധരൻ ആയിരിക്കും അന്വേഷണ ഉദ്യോഗസ്ഥൻ. 20 അംഗങ്ങൾ അന്വേഷണ സംഘത്തിൽ ഉണ്ടാകും.
ചീഫ് സെക്രട്ടറിയും ഉയർന്ന ഉദ്യോഗസ്ഥരും സ്ഥലത്ത് എത്തി പരിശോധന നടത്തി. നാളെ കാലത്ത് 10 മണിയ്ക്ക് സർവ്വകക്ഷിയോഗം വിളിച്ചിട്ടുണ്ട്. കുറ്റവാളി ആരായാലും രക്ഷപ്പെട്ടുകൂട എന്നാണ് ഏവരും ആഗ്രഹിക്കുന്നത്. ഇതിനായുള്ള നീക്കങ്ങളാണ് പോലീസ് നടത്തുന്നത്. പോസിറ്റീവ് ആയ നിലപാട് ആയിരുന്നു വിഷയത്തിൽ മാദ്ധ്യമങ്ങൾ സ്വീകരിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഗൗരവമേറിയ സംഭവമാണ് നടന്നത്. ചിലരെ ലക്ഷ്യം വെച്ചുള്ള പ്രവർത്തനങ്ങൾ ഉണ്ടായി. സർക്കാർ വർഗ്ഗീയതയ്‌ക്കെതിരാണ്. വ്യാജ വാർത്ത പ്രചരിപ്പിച്ചാൽ നടപടി സ്വീകരിക്കും. പ്രത്യേക അന്വേഷണ സംഘം പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. നാളെയാകുമ്പോഴേയ്ക്കും കൂടുതൽ വിവരങ്ങൾ ലഭിക്കും.
മരിച്ച സ്ത്രീയെക്കുറിച്ച് വിവരം ലഭിച്ചിട്ടില്ല. മറ്റ് ഗൂഢാലോചനയുണ്ടോയെന്ന് പരിശോധിക്കുകയാണെന്നും മുഖ്യമന്ത്രി അറിയിച്ചു.
Discussion about this post