ന്യൂഡൽഹി: തിരഞ്ഞെടുപ്പിൽ മത്സരിച്ച് അധികാരത്തിൽ എത്തിയ സംഘടനയാണ് ഹമാസ് എന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. ഹമാസിനെ ഇന്ത്യ ഒരിക്കലും ഭീകര സംഘടനയായി മുദ്ര കുത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഡൽഹിയിൽ മാദ്ധ്യമങ്ങളോട് ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
പലസ്തീൻ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ടുള്ള ധർണ്ണയുടെ പശ്ചാത്തലത്തിൽ ഹമാസിനെക്കുറിച്ചുള്ള സിപിഎമ്മിന്റെ അഭിപ്രായത്തെക്കുറിച്ച് മാദ്ധ്യമ പ്രവർത്തകർ ആരാഞ്ഞിരുന്നു. ഇതിനോട് ആയിരുന്നു യെച്ചൂരിയുടെ പ്രതികരണം. ഹമാസിനെ ഇന്ത്യ ഭീകര സംഘടനയായി മുദ്രകുത്തിയിട്ടില്ല. തിരഞ്ഞെടുപ്പിൽ വിജയിച്ച് അധികാരത്തിൽ എത്തിയ സംഘടനയാണ് ഹമാസ്. ഇത്തരത്തിൽ അധികാരത്തിലേറിയവരെക്കുറിച്ച് നിങ്ങളുടെ കാഴ്ചപ്പാട് എന്താണെന്നും അദ്ദേഹം മാദ്ധ്യമ പ്രവർത്തകരോട് ചോദിച്ചു. സിപിഎമ്മിന്റെ നിലപാട് സംബന്ധിച്ച് കൂടുതൽ ചോദ്യങ്ങൾ മാദ്ധ്യമ പ്രവർത്തകർ ചോദിച്ചു എങ്കിലും അദ്ദേഹം ഒഴിഞ്ഞു മാറുകയായിരുന്നു.
ഹമാസ് ഭീകര സംഘടനയാണെന്ന ശശി തരൂരിന്റെ അഭിപ്രായത്തെക്കുറിച്ചും യെച്ചൂരിയോട് മാദ്ധ്യമങ്ങൾ ചോദിച്ചു. എന്നാൽ അതിൽ പ്രതികരിക്കാൻ ഇല്ലെന്ന് ആയിരുന്നു യെച്ചൂരി പറഞ്ഞത്. വിഷയത്തിൽ കേരളത്തിലെ നേതാക്കൾ പ്രതികരിക്കട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Discussion about this post