അമരാവതി: ആന്ധ്രാപ്രദേശിലുണ്ടായ തീവണ്ടി അപകടത്തിൽ മരണ സംഖ്യ ഉയർന്നു. ആറ് പേർക്ക് കൂടി ജീവൻ നഷ്ടപ്പെട്ടതോടെ ആകെ മരണം 13 ആയി. 50 പേർക്ക് പരിക്കുണ്ട്. സ്ഥലത്ത് ഇപ്പോഴും രക്ഷാ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.
പ്രാദേശിക ഭരണകൂടവും ദേശീയ ദുരന്തനിവാരണ അതോറിറ്റിയും ചേർന്നാണ് രക്ഷാ പ്രവർത്തനങ്ങൾ നടത്തുന്നത്. കോച്ചുകൾക്കുള്ളിൽ ഇപ്പോഴും യാത്രികർ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് നിഗമനം. ഇവരെ രക്ഷിക്കാനുള്ള ശ്രമമാണ് പുരോഗമിക്കുന്നത്. അപകടത്തെ തുടർന്ന് ഹൗറ ചെന്നൈ ലൈനിൻ ഗതാതം പൂർണമായും തടസ്സപ്പെട്ടിരിക്കുകയാണ്. കോച്ചുകൾ ട്രാക്കിൽ നിന്നും ഗതാഗതം പുന:സ്ഥാപിക്കാനുള്ള നീക്കങ്ങളും പുരോഗമിക്കുകയാണ്. റെയിൽവേ അധികൃതരും സ്ഥലത്ത് എത്തിയിട്ടുണ്ട്.
അപകടത്തെ തുടർന്ന് യാത്ര തടസ്സപ്പെട്ടവർക്കായി അധികൃതർ പ്രത്യേക സൗകര്യം ഒരുക്കുന്നുണ്ട്. ഇവരെ പ്രത്യേകം ബസുകളിലാണ് ഇവിടെ നിന്നും മാറ്റുന്നത്. സംഭവത്തിന്റെ പശ്ചാത്തലത്തിൽ ഇതുവഴിയുള്ള 18 തീവണ്ടികൾ റദ്ദാക്കി. 22 തീവണ്ടികൾ വഴിതിരിച്ചുവിട്ടു. ഇന്ന് വൈകീട്ട് നാല് മണിയോടെ ഗതാഗതം പുന:സ്ഥാപിക്കാനാണ് നീക്കം.
ഇന്നലെ രാത്രിയോടെയായിരുന്നു വിജയനഗരത്തിൽ ട്രെയിനുകൾ കൂട്ടിയിടിച്ച് അപകടം ഉണ്ടായത്. വിശാഖപട്ടണത്ത് നിന്നും റഗഡയിലേക്ക് പോകുകയായിരുന്ന തീവണ്ടിയും വിശാഖപട്ടണത്ത് നിന്നും പലാസയിലേക്ക് പോകുകയായിരുന്ന പാസഞ്ചർ തീവണ്ടിയുമായി കൂട്ടിയിടിക്കുകയായികുന്നു.
Discussion about this post