ന്യൂഡൽഹി : ഖത്തറിൽ തടവിലാവുകയും വധശിക്ഷയ്ക്ക് വിധിക്കപ്പെടുകയും ചെയ്ത 8 നാവികസേന ഉദ്യോഗസ്ഥരെ രക്ഷിക്കാൻ കേന്ദ്രസർക്കാർ ഉന്നതതല ഉദ്യോഗസ്ഥരെ നിയോഗിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിശ്വസ്തനായ നയതന്ത്രജ്ഞൻ ദീപക് മിത്തലാണ് നാവിക സേനാംഗങ്ങളെ സഹായിക്കാനുള്ള ഇന്ത്യയുടെ ശ്രമങ്ങൾക്ക് നേതൃത്വം നൽകുന്നത്.
താലിബാൻ ഭരണകൂടവുമായുള്ള ഇന്ത്യയുടെ ആദ്യ ഔപചാരിക നയതന്ത്ര ഇടപെടലിന് നേതൃത്വം നൽകിയ എന്ന നിലയിൽ ശ്രദ്ധേയനാണ് ദീപക് മിത്തൽ.
1998 ബാച്ചിലെ ഐഎഫ്‌എസ് ഉദ്യോഗസ്ഥനായ മിത്തൽ ഖത്തറിൽ രണ്ട് വർഷം ഇന്ത്യൻ അംബാസഡറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. നിലവിൽ പ്രധാനമന്ത്രിയുടെ ഓഫീസിൽ സ്പെഷ്യൽ ഡ്യൂട്ടി ഓഫീസറായി സേവനമനുഷ്ഠിക്കുകയാണ് മിത്തൽ. ഇത്തരം വിഷയങ്ങൾ കൈകാര്യം ചെയ്യുന്നതിൽ മിത്തൽ സമർത്ഥനായതിനാലാണ് മിത്തലിനെ ഖത്തറുമായുള്ള ചർച്ചകൾക്ക് നിയോഗിച്ചിരിക്കുന്നത് എന്നാണ് ഔദ്യോഗിക വൃത്തങ്ങൾ നൽകുന്ന വിവരം.ഹേഗിലെ അന്താരാഷ്ട്ര നീതിന്യായ കോടതിയിൽ കുൽഭൂഷൺ യാദവിനെ സഹായിക്കുന്നതിനായി ശ്രമങ്ങൾ നടത്തിയ ടീമിന്റെ ഭാഗമായിരുന്നു ദീപക് മിത്തൽ. ഖത്തർ വിഷയത്തിൽ വിദേശകാര്യ മന്ത്രി എസ് ജയശങ്കറും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമാണ് മിത്തലിനെ നയിക്കുന്നത്.
അറസ്റ്റിലായ എട്ട് ഇന്ത്യക്കാർക്കെതിരെയുള്ള കുറ്റങ്ങൾ ഖത്തറും ഇന്ത്യൻ അധികൃതരും വെളിപ്പെടുത്തിയിട്ടില്ല. തടവിൽ കഴിയുന്ന മുൻ നാവികസേന ഉദ്യോഗസ്ഥരുടെ മോചനത്തിനായി ഖത്തർ നേതൃത്വവുമായി മിത്തൽ ചർച്ച നടത്തും. ഉയർന്ന കോടതിയിൽ അപ്പീലിന് നിയമസഹായം നൽകുക, ക്ഷമാപണത്തിനായി ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനിയെ സമീപിക്കുക എന്നിങ്ങനെയുള്ള രീതികൾ ആയിരിക്കും അവലംബിക്കുക എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഖത്തർ അമീറിന് മാപ്പ് നൽകാനോ ശിക്ഷ ഇളവ് ചെയ്യാനോ അധികാരമുണ്ട്. എല്ലാ വർഷവും ഡിസംബർ 18 ന് ഖത്തറിന്റെ ദേശീയ ദിനത്തിൽ തടവുകാരെ മോചിപ്പിക്കാൻ അദ്ദേഹം ഈ അധികാരം ഉപയോഗിക്കുന്നു. ഖത്തറിലെ ദ്രവീകൃത പ്രകൃതി വാതകത്തിന്റെ പകുതിയോളം ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് ഇന്ത്യ. ഇരു രാജ്യങ്ങളും തമ്മിലുള്ള അടുത്ത സാമ്പത്തിക ബന്ധത്തിന്റെ വെളിച്ചത്തിൽ ഖത്തർ അമീറിൽ നിന്ന് ഇളവ് പ്രതീക്ഷിക്കുന്നതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
Discussion about this post