ലക്‌നൗ : ഉത്തർപ്രദേശിലെ പിലിഭിത് ജില്ലയിലെ ചാന്ത് ഫിറോസ്പൂർ ഗ്രാമത്തിലെ ജനങ്ങൾ വലിയ ആശ്ചര്യത്തിലാണ് ഇപ്പോഴുള്ളത്. ഗ്രാമത്തിൽ ഒരു ജലസംഭരണി നിർമ്മിക്കാനായി കുഴിയെടുത്തപ്പോൾ ഇവിടെ നിന്നും കണ്ടെത്തിയത് മഹാവിഷ്ണുവിന്റെ ഒരു സ്വർണ്ണവിഗ്രഹമാണ്. വിഗ്രഹം കണ്ടെത്തിയോടെ നിർമാണജോലി ചെയ്തിരുന്നവർ ഉടൻ തന്നെ നാട്ടുകാരെ വിളിച്ചുചേർത്ത് മണ്ണിൽ നിന്നും വിഗ്രഹം പുറത്തെത്തിച്ചു.
ജലസംഭരണി നിർമ്മാണത്തിനായി കുഴിയെടുത്ത് കൊണ്ടിരിക്കെ ആഴത്തിൽ നിന്നും മണ്ണിനിടയിൽ പെട്ടെന്ന് ഒരു മഞ്ഞ നിറം കണ്ടെത്തുകയായിരുന്നു. തൊഴിലാളികൾ ഈ ഭാഗത്തെ മണ്ണ് മാറ്റി നോക്കിയപ്പോൾ ഞെട്ടിക്കുന്ന കാഴ്ചയായിരുന്നു കണ്ടത്. മഹാവിഷ്ണുവിന്റെ ഒരു പൂർണ്ണകായ വിഗ്രഹം. അതും സ്വർണ്ണത്തിൽ നിർമ്മിച്ച വിഗ്രഹം. തൊഴിലാളികൾ ഉടൻതന്നെ സമീപത്തെ ഗ്രാമവാസികളെ വിവരമറിയിച്ചു.
തുടർന്ന് തൊഴിലാളികളും ഗ്രാമവാസികളും ചേർന്ന് വിഗ്രഹം പുറത്തേക്ക് എടുത്തു. യാതൊരു കേടുപാടുകളും സംഭവിച്ചിട്ടില്ലാത്ത മനോഹരമായ സ്വർണ വിഷ്ണുവിഗ്രഹമായിരുന്നു അത്. വിഗ്രഹത്തിന്റെ കാലപ്പഴക്കം എത്രയാണെന്ന് നിർണയിച്ചിട്ടില്ല. വിഗ്രഹം കണ്ടെത്തിയ വാർത്ത പരന്നതോടെ സമീപ ഗ്രാമങ്ങളിൽ നിന്ന് പോലും നിരവധി പേരാണ് ഇപ്പോൾ ഈ സ്വർണ്ണവിഗ്രഹം കാണാനായി ഇവിടേക്ക് എത്തുന്നത്.
Discussion about this post