ലക്നൗ : ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനായി പുതിയ ചിത്രത്തിന്റെ പ്രത്യേക പ്രദർശനം സംഘടിപ്പിച്ച് നടി കങ്കണ റണാവത്ത്. ഉടൻ പുറത്തിറങ്ങാനിരിക്കുന്ന ആക്ഷൻ ത്രില്ലർ ചിത്രമായ തേജസിന്റെ പ്രത്യേക പ്രദർശനമാണ് സംഘടിപ്പിച്ചത്. ചൊവ്വാഴ്ച ലഖ്‌നൗവിലെ ലോക്ഭവൻ ഓഡിറ്റോറിയത്തിലാണ് സിനിമ പ്രദർശിപ്പിച്ചത്.
വ്യോമസേനയിൽ പൈലറ്റ് ആയ തേജസ് ഗില്‍ എന്ന കഥാപാത്രമായാണ് കങ്കണ ഈ ചിത്രത്തിൽ അഭിനയിക്കുന്നത്. സൈനികരുടെ ധീരതയും ത്യാഗവും വെളിവാക്കുന്ന ചിത്രത്തിന്റെ അവസാനത്തിൽ മുഖ്യമന്ത്രി യോഗിയുടെ കണ്ണുകൾ നിറഞ്ഞു കാണപ്പെട്ടതായി കങ്കണ വ്യക്തമാക്കി. ചിത്രത്തിനുള്ള എല്ലാ പിന്തുണയും യോഗി വാഗ്ദാനം ചെയ്തതായും കങ്കണ അറിയിച്ചു.
ദേശീയവാദികളുടെ ശ്രദ്ധ നേടുന്ന ചിത്രം ആയിരിക്കും തേജസ് എന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സൂചിപ്പിച്ചതായി കങ്കണ വ്യക്തമാക്കി. യോഗി മഹാരാജിന്റെ വാക്കുകളാൽ ഞങ്ങൾ അനുഗ്രഹിക്കപ്പെട്ടു എന്നാണ് കങ്കണ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച പോസ്റ്റിൽ കുറിച്ചിട്ടുള്ളത്. നേരത്തെ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗിനും ഇന്ത്യൻ എയർഫോഴ്‌സ് ഉദ്യോഗസ്ഥ സംഘത്തിനുമായി ഡൽഹിയിലെ ഇന്ത്യൻ എയർഫോഴ്‌സ് ഓഡിറ്റോറിയത്തിൽ ചിത്രത്തിന്റെ പ്രത്യേക പ്രദർശനം കങ്കണ സംഘടിപ്പിച്ചിരുന്നു.
Discussion about this post