തിരുവനന്തപുരം :മികച്ച നേട്ടങ്ങൾക്കായി നിരന്തരം പരിശ്രമിക്കുന്ന ആളാണ് പിണറായി വിജയനെന്നും രാഷ്ട്രീയ പ്രവേശനത്തിന് മുൻപ് അദ്ദേഹത്തിൽ നിന്നും ഉപദേശം തേടിയിരുന്നുവെന്നും നടൻ കമലഹാസൻ. സിനിമാതാരമെന്ന നിലയിൽ കേരളത്തിൽനിന്നും പ്രചോദനം ഉൾക്കൊണ്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കേരളീയം പരിപാടിയിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
തന്റെ ജീവിതത്തിൽ പ്രത്യേകതയുള്ള സംസ്ഥാനമാണ് കേരളം. സേതുമാധവൻ സംവിധാനം ചെയ്ത കണ്ണും കരളുമെന്ന സിനിമയിൽ ഏഴ് വയസ്സ് ഉള്ളപ്പോഴാണ് അഭിനയിക്കുന്നത്. മലയാള സിനിമയിൽ സാമൂഹിക വിഷയങ്ങൾ അടിസ്ഥാനമാക്കിയുള്ള പ്രമേയങ്ങൾ അവതരിപ്പിക്കപ്പെട്ടു.സിനിമയെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാടുകൾ മലയാള സിനിമകൾ സ്വാധീനിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. മദനോത്സവം എന്ന സിനിമയിൽ ഞാൻ അഭിനയിക്കുന്നത് 21 വയസുള്ളപ്പോഴാണ്. കേരളീയത്തിന്റെ ഭാഗമായി ആ സിനിമ പ്രദർശിപ്പിക്കുന്നുണ്ട്. 2017ൽ രാഷ്ട്രീയത്തിൽ ഇറങ്ങാൻ തീരുമാനിച്ചപ്പോൾ മുഖ്യമന്ത്രി പിണറായി വിജയനിൽ നിന്നും ഉപദേശം തേടിയിരുന്നെന്നും അദ്ദേഹം പറഞ്ഞു.
ലോകത്ത് ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ കമ്യൂണിസ്റ്റ് സർക്കാർ കേരളത്തിലേതാണ്. വിദ്യാഭ്യാസമേഖലയിലെ പരിഷ്കരണം, ഭൂപരിഷ്കരണം ഇതെല്ലം ആദ്യം നടത്തിയ സംസ്ഥാനം കേരളമാണ്. കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രവർത്തനം രാജ്യത്തിന് മാതൃകയാണ്. കോവിഡ് പ്രതിരോധിക്കാൻ സാധിച്ചത് തദ്ദേശ സ്ഥാപനങ്ങളെ ശക്തിപ്പെടുത്തിയതുകൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു. കേരളവും തമിഴ്‌നാടും തമ്മിൽ അഭേദ്യമായ ബന്ധമാണുള്ളത്. സംഗീതവും ഡാൻസും കൂടാതെ ഭക്ഷണ കാര്യങ്ങളിൽ വരെ ബന്ധപ്പെട്ട് കിടക്കുന്നു. മറ്റുസംസ്ഥാനങ്ങൾ മാതൃയാക്കേണ്ട സംസ്ഥാനമാണ് കേരളം. മികച്ച നേട്ടങ്ങൾക്കായി നിരന്തരം പരിശ്രമിക്കുന്ന ആളാണ് പിണറായി വിജയനെന്നും കമലഹാസൻ പറഞ്ഞു.
കേരളം കൈവരിച്ച നേട്ടങ്ങൾ ലോകത്തെ അറിയിക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന പരിപാടിയാണ് ‘കേരളീയം’. 42 വേദികളിലായിട്ടാണ് പരിപാടികൾ നടക്കുന്നത്. ഭാവി കേരളത്തെ കുറിച്ച് ചർച്ച ചെയ്യുന്ന സെമിനാറുകൾ, ബിസിനസ് മീറ്റുകൾ, ഭക്ഷ്യ മേള, പ്രദർശനങ്ങൾ, ചലച്ചിത്രമേള, കലാപരിപാടികൾ എന്നിവ നടക്കും.
Discussion about this post