ന്യൂഡൽഹി: രാജ്യത്ത് ഏറ്റവും കൂടുതൽ റോഡ് അപകടങ്ങൾ ഉണ്ടാകുന്ന മൂന്നാമത്തെ സംസ്ഥാനമായി കേരളം. മുൻവർഷത്തെ അപേക്ഷിച്ച് അപകടങ്ങളുടെ എണ്ണത്തിൽ 31.87 ശതമാനത്തിന്റെ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. രാജ്യത്ത് റിപ്പോർട്ട് ചെയ്യുന്ന റോഡ് അപകടങ്ങളുടെ എണ്ണത്തിൽ മുൻ വർഷങ്ങളെ അപേക്ഷിച്ച് 11.9 ശതമാനത്തിന്റെ വർദ്ധനവുണ്ടെന്നും കേന്ദ്രഗതാഗത മന്ത്രാലയം പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു. അമിതവേഗമാണ് ഭൂരിഭാഗം അപകടങ്ങൾക്കും കാരണം ആകുന്നത് എന്നും റിപ്പോർട്ടിലുണ്ട്.
തൊട്ട് മുൻപുള്ള രണ്ട് വർഷങ്ങളിലും അപകടങ്ങളുടെ പട്ടികയിൽ അഞ്ചാംസ്ഥാനത്ത് ആയിരുന്നു കേരളം. ഇവിടെ നിന്നുമാണ് മൂന്നാംസ്ഥാനത്ത് എത്തിയിരിക്കുന്നത്. അപകടങ്ങളുടെ എണ്ണം കൂടുതൽ ആണെങ്കിലും മരണനിരക്ക് മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കുറവാണ്.
വാഹനാപകടങ്ങളിൽ മരിച്ചവരുടെ എണ്ണത്തിൽ 9.4 ശതമാനം വർദ്ധനവാണ് രാജ്യത്ത് ഉണ്ടായത്. പരിക്കേറ്റവരുടെ എണ്ണത്തിൽ 15.3 ശതമാനം വർദ്ധനവും ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ വർഷം വാഹനാപകടങ്ങളിൽ 168,491 പേർ മരിച്ചപ്പോൾ 168,491 പേർക്ക് പരിക്കേറ്റു. 4, 61, 312 അപകടങ്ങൾ ആണ് കഴിഞ്ഞ വർഷം രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. 1970 ന് ശേഷം ആദ്യമായിട്ടാണ് പ്രതിവർഷം രാജ്യത്ത് ഇത്രയേറെ റോഡ് അപകടങ്ങൾ രാജ്യത്ത് റിപ്പോർട്ട് ചെയ്യുന്നത്.
തമിഴ്‌നാട്ടിലാണ് ഏറ്റവും കൂടുതൽ അപകടങ്ങൾ റിപ്പോർട്ട് ചെയ്തത്.
തെലങ്കാന, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങൾക്ക് ഇതിൽ രണ്ടും മൂന്നും സ്ഥാനമുണ്ട്. നാലാം സ്ഥാനത്ത് കർണാടകയാണുള്ളത് 2021 ൽ ഏഴാം സ്ഥാനത്ത് ആയിരുന്നു കർണാടകയുടെ സ്ഥാനം. നാലാം സ്ഥാനത്ത് ഉണ്ടായിരുന്ന ഹരിയാന അഞ്ചാം സ്ഥാനത്തേക്ക് മാറി. പശ്ചിമ ബംഗാൾ, ഡൽഹി, ബിഹാർ, അസം, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളും റോഡ് അപകടങ്ങളിൽ മുൻപിലാണ്.
അമിത വേഗമാണ് ഭൂരിഭാഗം അപകടങ്ങൾക്കുള്ള പ്രധാനകാരണമാകുന്നത് എന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്. മരണങ്ങൾക്ക് കാരണം ആയ വാഹനാപകടങ്ങളിൽ 71 ശതമാനവും അമിത വേഗം സൃഷ്ടിച്ചതാണ്. മികച്ച ഗുണനിലവാരമുള്ള റോഡുകളാണ് അമിത വേഗത്തിന് കാരണമായിട്ടുള്ളതെന്നും റിപ്പോർട്ടിൽ പരാമർശിക്കുന്നു. ദിശമാറിയുള്ള ഡ്രൈവിംഗ്, മദ്യപിച്ച് വാഹനം ഓടിക്കൽ , ഗതാഗത നിയമ ലംഘനങ്ങൾ എന്നിവയാണ് മറ്റ് കാരണങ്ങൾ.
കൊറോണയുടെ പശ്ചാത്തലത്തിൽ ലോക്ഡൗൺ ഏർപ്പെടുത്തിയ കാലയളവിൽ വാഹനാപകടങ്ങളുടെ എണ്ണത്തിൽ വലിയ കുറവാണ് ഉണ്ടായിരുന്നത്. ഇത് മാദ്ധ്യമങ്ങളിൽ വലിയ വാർത്തയാകുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് വലിയ വർദ്ധനവ് ഉണ്ടായിരിക്കുന്നത്. 2016 ന് ശേഷമുള്ള വർഷങ്ങളിൽ അപകടങ്ങളുടെ എണ്ണത്തിൽ കുറവ് വന്നിരുന്നു.
Discussion about this post