ന്യൂഡൽഹി: മലയാളത്തിലെ പ്രമുഖ ദിനപത്രമായ മാതൃഭൂമിയുടെ ഡൽഹി എഡിഷൻ അവസാനിപ്പിച്ചു. കേരളപിറവി ദിനമാ. ഇന്ന് മുതലാണ് എഡിഷൻ അവസാനിപ്പിക്കുന്നത്. ആയിരത്തിൽ താഴെ മാത്രം കോപ്പി പ്രിന്റ് ചെയ്യുന്ന പരിതാപകരമായ അവസ്ഥയിലേക്ക് സർക്കുലേഷൻ താഴ്ന്നതോടെയാണ് ഈ സുപ്രധാന തീരുമാനം.
2007 ലാണ് മാതൃഭൂമി ദിനപത്രം ഡൽഹി എഡിഷൻ ആരംഭിച്ചത്. മാതൃഭൂമി ചെയർമാനും എംഡിയുമായിരുന്ന എം.പി.വീരേന്ദ്രകുമാർ അന്നത്തെ പ്രധാനമന്ത്രിയായിരുന്ന മൻമോഹൻസിംഗിന് ഒരു കോപ്പി നൽകിയാണ് ഡൽഹി എഡിഷൻ ഉദ്ഘാടനം ചെയ്തത്.
എഡിഷൻ നടത്തിക്കൊണ്ടുപോകാൻ വലിയ ചിലവ് വേണമെന്നതും അതിന്റെ പ്രയോജനം അവിടെ നിന്ന് കിട്ടുന്നില്ലന്നതുമാണ് ഡൽഹി എഡിഷൻ പൂട്ടാൻ കാരണം. കേന്ദ്രസർക്കാർ വിരുദ്ധ വാർത്തകളും കൂടുതലായി വന്നതോടെ ഡൽഹിയിലെ മലയാളികൾ മാതൃഭൂമിയോട് മുഖംതിരിക്കുന്നതിന് കാരണമായി. കേരളത്തിലേത് പോലെ ഡൽഹിയിൽ പത്രം വിതരണം ചെയ്യാനുള്ള സംവിധാനമില്ലാത്തതും എഡിഷൻ പൂട്ടാൻ മാതൃഭൂമിയെ പ്രേരിപ്പിച്ചു.നഷ്ടം സഹിച്ചു എഡിഷനുകൾ നിലനിർത്തേണ്ടതില്ലന്ന തിരുമാനമാണ് മാതൃഭൂമി മാനേജ്മെന്റ് എടുത്തിരിക്കുന്നത്. ഗൾഫും ഡൽഹിയും അടക്കം 19 എഡിഷനുകളായിരുന്നു മാതൃഭൂമിക്ക് ഉണ്ടായിരുന്നത്.
Discussion about this post