യാത്ര പോകാൻ ഇഷ്ടമല്ലാത്തവരായി ആരുണ്ടല്ലേ? ദിവസവും പുതിയ പുതിയ ആളുകൾ, സ്ഥലങ്ങൾ,രുചികൾ, സംസ്‌കാരം.., എല്ലാത്തിലും ഉപരി ഓരോ യാത്രയും ഓരോ അനുഭവങ്ങളാണ് , അറിവുകളാണ് നമുക്ക് സമ്മാനിക്കുന്നത്.
കന്യാകുമാരി മുതൽ ഹിമാലയം വരെ കാഴ്ചകളൊരുക്കി കാത്തിരിക്കുന്ന
ഭാരതമാണ് യാത്രകളുടെ പുസ്തകം. മതിവരാത്ത വിസ്മയങ്ങൾ തലങ്ങും വിലങ്ങും ഒരുക്കി, അതിനേക്കാൾ ഏറെ അമ്പരപ്പിക്കുന്ന ചരിത്രങ്ങൾ നിരത്തിയാണ് ഭാരതം നമ്മെ വിളിക്കുന്നത്. യാത്ര ഇഷ്ടപ്പെടുന്നവർക്കായി അത്രയേറെ വിഭവങ്ങളൊരുക്കിയാണ് നമ്മുടെ രാജ്യം കാത്തിരിക്കുന്നത്. ഇന്ത്യയുടെ ആത്മാവ് തേടിയൊരു യാത്രയാണ് ആഗ്രഹിക്കുന്നതെങ്കിൽ ഇന്ത്യൻ റെയിൽവേ അതിനായി ഒരു സുവർണാവസരം ഒരുക്കിയിരിക്കുകയാണ്.
മുപ്പതിനായിരം രൂപയിൽ താഴെ ചെലവിൽ തെക്ക് മുതൽ വടക്ക് വരെയുള്ള പ്രധാനകാഴ്ചകൾ കാണാനുള്ള അവസരമാണ് ഇന്ത്യൻ റെയിൽവേ യാത്രാപ്രേമികൾക്കായി ഒരുക്കിയിരിക്കുന്നത്. ‘നോർത്ത് വെസ്റ്റേൺ ഡിലൈറ്റ് വിത്ത് വൈഷ്‌ണോദേവി’ എന്നാണ് ഈ പാക്കേജിൻറെ പേര്. 12 രാത്രികളും 13 പകലുകളും നീളുന്ന യാത്ര നവംബർ 19ന് ആരംഭിക്കും. ഡിസംബർ ഒന്നിനാകും മടങ്ങിയെത്തുക. നിലവിൽ 544 സ്റ്റാൻഡേർഡ് സീറ്റുകളും 210 കംഫർട്ട് സീറ്റുകളുമടക്കം മൊത്തം 754 സീറ്റുകളാണ് ട്രെയിനിൽ ഉള്ളത്.മിതമായ നിരക്കിൽ രാജ്യത്തിനകത്ത് സഞ്ചരിക്കാവുന്ന തരത്തിലാണ് ടിക്കറ്റ് നിരക്ക് ഉൾപ്പെടെയുള്ളവ ക്രമീകരിച്ചിരിക്കുന്നത്.കൊച്ചുവേളി, കൊല്ലം, ചെങ്ങന്നൂർ, കോട്ടയം, എറങ്കുളം ടൗൺ, തൃശൂർ, ഷൊർണൂർ, കോഴിക്കോട്, കണ്ണൂർ, മംഗളൂരു എന്നിവയാണ് ബോർഡിംഗ് പോയിന്റുകൾ.
സബർമതി ആശ്രമം, അക്ഷരധാം, മൊധേര സൂര്യക്ഷേത്രം, അഡ്‌ലെജ് സ്റ്റെപ്പ് വെൽ – അഹമ്മദാബാദ് സ്റ്റാച്യു ഓഫ് യൂണിറ്റി സിറ്റി പാലസ്, ഹവാ മഹൽ, അമേർ ഫോർട്ട് – ജയ്പൂർ ശ്രീ വൈഷ്‌ണോദേവി ക്ഷേത്രം-കത്ര ഗോൾഡൻ ടെമ്പിൾ, ജാലിയൻ വാലാബാഗ് – വാഗാ അതിർത്തി – എന്നിവിടങ്ങൾ സഞ്ചാരികൾക്ക് സന്ദർശിക്കാനാകും.
സ്ലീപ്പർ ക്ലാസ്, ട്രാൻസ്ഫർ ചെയ്യാനുള്ള നോൺ എ സി വാഹനങ്ങൾ, രാത്രി തങ്ങുന്ന സ്ഥലങ്ങളിൽ താമസിക്കാൻ ട്രിപ്പിൾ ഷെയറിങ് അടിസ്ഥാനത്തിൽ എ സി മുറികൾ തുടങ്ങിയ സൗകര്യങ്ങളുള്ള സ്റ്റാൻഡേർട് സീറ്റ് ബുക്ക് ചെയ്യാൻ മുതിർന്നവർക്ക് 26,310 രൂപയും അഞ്ച് മുതൽ പതിനൊന്ന് വയസുള്ള കുട്ടികൾക്ക് 24,600 രൂപയുമാണ് നിരക്ക്.
എസി 3 ടയർ യാത്ര, ട്രാൻസ്ഫറുകൾക്കായി നോൺ എ സി വാഹനങ്ങൾ, ട്രിപ്പിൾ ഷെയറിങ് അടിസ്ഥാനത്തിൽ രാത്രി താമസത്തിന് ബജറ്റ് ഹോട്ടലുകളിൽ എസി മുറികളും ലഭ്യമാകും. ഈ സൗകര്യങ്ങൾ ലഭിക്കാൻ മുതിർന്നവർക്ക് 39,240 രൂപയും കുട്ടികൾക്ക് 37,530 രൂപയുമാണ് നിരക്ക്. രാവിലെ ചായ, വെജിറ്റേറിയൻ പ്രഭാതഭക്ഷണം, ഉച്ചഭക്ഷണം, രാത്രി ഭക്ഷണം എന്നിവയും ഉൾപ്പെടുത്തിയിട്ടുണ്ട്. യാത്രയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭിക്കാനായി www.irctctourism.com എന്ന വെബ്‌സൈറ്റിലൂടെ ലഭ്യമാണ്.
എന്നാൽ മടിക്കാതെ തയ്യാറായിക്കോളൂ അനുഭവങ്ങൾ തേടിയുള്ള ഭാരതയാത്രയ്ക്കായി.
Discussion about this post