ന്യൂഡൽഹി: മദ്യനയ അഴിമതി കേസിൽ ചോദ്യം ചെയ്യലിന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് മുന്നിൽ ഇന്ന് ഹാജരാകില്ലെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് റോഡ് ഷോകളിൽ പങ്കെടുക്കാൻ, അദ്ദേഹം മധ്യപ്രദേശിലേക്ക് തിരിച്ചേക്കും.
അരവിന്ദ് കെജ്‌രിവാളിന്റെയും പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്നിന്റെയും റോഡ്‌ഷോ മധ്യപ്രദേശിലെ സിങ്‌ഗ്രൗലിയിൽ നടക്കും. ഇതിനായി അരവിന്ദ് കെജ്‌രിവാൾ വൈകാതെ മധ്യപ്രദേശിലേക്ക് പോകുമൈന്നും കെജ്രിവാളിന്റെ ഓഫീസ് മാധ്യമങ്ങൾക്ക് അയച്ച സന്ദേശത്തിൽ അറിയിച്ചു.
അതേസമയം, ഇഡിയുടെ നീക്കം നിയമവിരുദ്ധവും രാഷ്ട്രീയ പ്രേരിതവുമാണെന്ന് കാണിച്ച് കെജ്‌രിവാൾ ഇഡിക്ക് നോട്ടീസയച്ചിരുന്നു. തെരഞ്ഞെടുപ്പു നടക്കുന്ന സംസ്ഥാനങ്ങളിൽ പ്രചരണ പരിപാടികളുമായി മുന്നോട്ടു പോകുന്നത് തടയുക എന്നതാണ് ഈ നോട്ടിസിന്റെ ലക്ഷ്യമെന്നും കേജ്‌രിവാൾ പറഞ്ഞു. മധ്യപ്രദേശിലെ തിരഞ്ഞെടുപ്പു പ്രചാരണവുമായി മുന്നോട്ടുപോകുമെന്നും അദ്ദേഹം അറിയിച്ചു. ഇഡി നോട്ടീസ് തിരിച്ചെടുക്കണമെന്നും മറുപടി കത്തിൽ ആവശ്യപ്പെടുന്നുണ്ട്.
സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട് കെജ്‌രിവാളിന്റെ മുൻ ഡെപ്യൂട്ടി മനീഷ് സിസോദിയയുടെ ജാമ്യാപേക്ഷ സുപ്രീം കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു. 338 കോടി രൂപയുടെ അഴിമതിയാണ് കണ്ടെത്തിയത്. ആറ് മുതൽ എട്ട് മാസത്തിനുള്ളിൽ വിചാരണ പൂർത്തിയാക്കണമെന്നും കോടതി ഉത്തരവിട്ടിരുന്നു. വിചാരണ വൈകുന്ന പക്ഷം, വീണ്ടും ജാമ്യത്തിന് അപേക്ഷിക്കാമെന്നും കോടതി നിർദേശിച്ചു.
കെജ്രിവാളിന്റെ രാജി ബിജെപി ആവശ്യപ്പെടുമ്പോഴും തിരഞ്ഞെടുപ്പിൽ പാർട്ടിയെ പരാജയപ്പെടുത്താൻ കഴിയാത്തതിനാൽ, ആം ആദ്മി പാർട്ടിയെ ഇല്ലാതാക്കാൻ ബിജെപിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും നേതാക്കളെ കള്ളക്കേസിൽ കുടുക്കുയാണെന്നാണ് എഎപിയുടെ വാദം. കേസിൽ സിസോദിയയും നിയമസഭാംഗം സഞ്ജയ് സിംഗും ഇപ്പോഴും കസ്റ്റഡിയിലാണ്. മറ്റൊരു എഎപി നേതാവ് സത്യേന്ദർ ജെയിനും കഴിഞ്ഞ ദിവസങ്ങളിൽ അറസ്റ്റിലായിരുന്നു.








