തിരുവനന്തപുരം : സംസ്ഥാന സർക്കാരിന്റെ കേരളീയം പരിപാടിക്കെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സംസ്ഥാനത്ത് കടുത്ത ദാരിദ്ര്യമാണ്. കയ്യിൽ അഞ്ചു പൈസയില്ല. ആ ദാരിദ്ര്യം മറയ്ക്കാൻ വേണ്ടി പുരപ്പുറത്ത് ഉണക്കാനിട്ട പട്ടുകോണകം ആണ് കേരളീയം എന്നാണ് പ്രതിപക്ഷ നേതാവ് വിമർശിച്ചത്.
“കേരളം രൂക്ഷമായ ധന പ്രതിസന്ധിയിലൂടെയാണ് കടന്നു പോകുന്നത്. ഹൈക്കോടതി പോലും സംസ്ഥാനത്തെ വിമർശിച്ചു. കേരളീയം വെറും ധൂർത്താണ്. 75 കോടിയോളം രൂപയാണ് ഈ പരിപാടിക്ക് ചെലവ് വരുന്നത്. സ്കൂൾ കുട്ടികൾക്ക് ഉച്ചഭക്ഷണം പോലും കൊടുക്കാനില്ലാത്ത സർക്കാരാണ് ഈ ധൂർത്ത് കാണിക്കുന്നത്” എന്നും വി ഡി സതീശൻ കുറ്റപ്പെടുത്തി.
” എന്താണ് കേരളീയത്തിന്റെ ഉദ്ദേശ്യം. കേരളത്തിനു പുറത്തുള്ള കുറെ പ്രധാനപ്പെട്ട ആളുകൾ വരും, അവർ തിരുവനന്തപുരത്ത് വന്ന് കേരളീയം പരിപാടിയിൽ പങ്കെടുത്ത് തിരിച്ചുപോകും, എന്നിട്ടവർ കേരളത്തെ പുകഴ്ത്തി പറയും. അങ്ങനെയാണ് മുഖ്യമന്ത്രി പറയുന്നത്. പ്രതിപക്ഷം പറയുന്ന കാര്യങ്ങളിൽ വസ്തുത ഇല്ലെങ്കിൽ സർക്കാരിന്റെ യഥാർത്ഥ ധന പ്രതിസന്ധി കാണിക്കുന്ന ഒരു ധവളപത്രം പുറത്തിറക്കാൻ വെല്ലുവിളിക്കുകയാണ്” എന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ കൂട്ടിച്ചേർത്തു.
Discussion about this post