ന്യൂഡൽഹി : ഇന്ത്യയിൽ 50 ബില്യൺ ഡോളറിന്റെ നിക്ഷേപങ്ങൾ നടത്താൻ ഒരുങ്ങുകയാണ് യുണൈറ്റഡ് അറബ് എമിറേറ്റ്സ്. ലോകത്തിലെ തന്നെ ഏറ്റവും വേഗത്തിൽ വളരുന്ന സമ്പദ് വ്യവസ്ഥ എന്ന രീതിയിലാണ് ഇന്ത്യയിൽ വമ്പൻ നിക്ഷേപങ്ങൾക്ക് യുഎഇ പദ്ധതിയിടുന്നത്. നിലവിൽ ഇന്ത്യയുടെ രണ്ടാമത്തെ വലിയ വ്യാപാര പങ്കാളിയാണ് യുഎഇ.
ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്താനും എണ്ണ ഇതര ഉഭയകക്ഷി വ്യാപാരം 100 ബില്യൺ ഡോളറായി ഉയർത്താനും നേരത്തെ തീരുമാനിച്ചിരുന്നു. 2014ൽ നരേന്ദ്രമോദി പ്രധാനമന്ത്രിയായി അധികാരമേറ്റതിന് ശേഷം ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര ബന്ധത്തിൽ വലിയ ഉയർച്ചയാണ് ഉണ്ടായിട്ടുള്ളത്. കഴിഞ്ഞ 10 വർഷത്തിനുള്ളിൽ അഞ്ചോളം തവണ പ്രധാനമന്ത്രി യുഎഇ ഭരണാധികാരികളുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു.
പ്രധാന ഇന്ത്യൻ ഇൻഫ്രാസ്ട്രക്ചർ പ്രോജക്ടുകളിലെയും സർക്കാർ ഉടമസ്ഥതയിലുള്ള ആസ്തികളിലെയും ഓഹരികൾ ആണ് ഇന്ത്യയിലെ നിക്ഷേപ പദ്ധതികളിൽ യുഎഇ പ്രാധാന്യം നൽകുന്നത്. ചില നിക്ഷേപങ്ങളിൽ സോവറിൻ വെൽത്ത് ഫണ്ടുകളായ അബുദാബി ഇൻവെസ്റ്റ്‌മെന്റ് അതോറിറ്റി, മുബദാല ഇൻവെസ്റ്റ്‌മെന്റ് കമ്പനി എന്നിവ വഴിയായിരിക്കും നിക്ഷേപങ്ങൾ നടത്തപ്പെടുക.
നിക്ഷേപ പദ്ധതികളുടെ ഭാഗമായി ഷെയ്ഖ് തഹ്‌നൂൻ ബിൻ സായിദ് അൽ നഹ്യാന്റെ മേൽനോട്ടത്തിലുള്ള സ്ഥാപനങ്ങൾ ഇന്ത്യയിൽ ബില്യൺ കണക്കിന് ഡോളർ നിക്ഷേപിക്കുന്നതിനുള്ള പ്രാരംഭ ഘട്ട ചർച്ചകൾ നടത്തിയതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. യുഎഇ പ്രസിഡന്റിന്റെ സഹോദരനും ഇന്റർനാഷണൽ ഹോൾഡിംഗ് കമ്പനിയുടെ ചെയർമാനുമാണ് ഷെയ്ഖ് തഹ്നൂൻ.
Discussion about this post