റായ്പൂർ: കോൺഗ്രസ് പാർട്ടിയ്ക്കും വികസനത്തിനും ഒന്നിച്ച് ഒരു നിലനിൽപ്പ് സാദ്ധ്യമല്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഛത്തീസ്ഗഡിലെ കൻകറിൽ സംഘടിപ്പിച്ച തിരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുന്നതിനിടെയായിരുന്നു അദ്ദേഹം കോൺഗ്രസിനെ പരിഹസിച്ചത്. സംസ്ഥാനത്ത് ബിജെപി അധികാരത്തിലേറിയാൽ പാവങ്ങൾക്ക് സൗജന്യമായി വീടുകൾ നിർമ്മിച്ച് നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കോൺഗ്രസിനും വികസനത്തിനും ഒന്നിച്ച് നിലനിന്ന് പോകുക അസാദ്ധ്യമാണ്. അതുകൊണ്ട് തന്നെ കോൺഗ്രസ് ഉള്ളയിടത്ത് വികസനം ഉണ്ടാവുകയില്ല. കേന്ദ്രത്തിൽ അധികാരം ഉണ്ടായിരുന്നപ്പോൾ കോൺഗ്രസ് അഴിമതിയിലൂടെ ഖജനാവ് നിറച്ചിരുന്നു. എന്നാൽ കഴിഞ്ഞ 10 വർഷമായി കോൺഗ്രസിന് ഇത് കഴിയുന്നില്ല. അതുകൊണ്ട് തന്നെ കോൺഗ്രസിന്റെ ഖജനാവ് കാലി ആയി. ഇപ്പോൾ ഭരിക്കുന്ന സംസ്ഥാനങ്ങളിലെ ജനങ്ങളെയാണ് കോൺഗ്രസ് കൊള്ളയടിക്കുന്നതെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
കൻകറിൽ ബിജെപിയോടുള്ള ജനങ്ങളുടെ വലിയ പിന്തുണ കാണാൻ സാധിച്ചു. ഛത്തീസ്ഗഡിനെ ശക്തിപ്പെടുത്തുകയാണ് ബിജെപിയുടെ ലക്ഷ്യം. ഗോത്രവിഭാഗങ്ങളുടെയും അരികവൽക്കരിപ്പെട്ടവരെയും മുഖ്യധാരയിൽ എത്തിക്കും. അവരുടെ അവകാശങ്ങൾ ഉറപ്പുവരുത്തും. രാജ്യത്തെ മികച്ച സംസ്ഥാനങ്ങളിൽ ഒന്നായി ചത്തീസ്ഗഡിനെ മാറ്റും. ബിജെപി സംസ്ഥാനത്ത് അധികാരത്തിലേറിയാൽ പാവപ്പെട്ടവർക്ക് വീടുകൾ നിർമ്മിച്ചു നൽകുമെന്നും പ്രധാനമന്ത്രി പറഞ്ഞു.








