റായ്പുർ : ഛത്തീസ്ഗഡിലെ കാങ്കറിൽ നടന്ന തിരഞ്ഞെടുപ്പ് പ്രചാരണറാലിയെ പ്രധാനമന്ത്രി നരേന്ദ്രമോദി അഭിസംബോധന ചെയ്തു. സമൂഹത്തിലെ എല്ലാ വിഭാഗം ആളുകൾക്കും വികസനത്തിന്റെ പ്രയോജനം ലഭിക്കുക എന്നുള്ളതാണ് ബിജെപി നയം എന്ന് പ്രധാനമന്ത്രി തന്റെ പ്രസംഗത്തിൽ വ്യക്തമാക്കി. 9 വർഷം മുൻപ് അസാധ്യമെന്ന് കരുതിയിരുന്ന പല ജോലികളും തന്റെ സർക്കാർ പൂർത്തിയാക്കിയതായും പ്രധാനമന്ത്രി അറിയിച്ചു.
കോൺഗ്രസും വികസനവും തമ്മിൽ ഒരിക്കലും ഒത്തു പോകില്ലെന്ന് പ്രധാനമന്ത്രി കുറ്റപ്പെടുത്തി. ” കോൺഗ്രസ് ഭരണകാലത്ത് വികസനമുണ്ടായത് നേതാക്കളുടെയും ബന്ധുക്കളുടെയും സ്വത്തുക്കളിൽ മാത്രമാണ്. അവരുടെ ബംഗ്ലാവുകളും കാറുകളും മാത്രമാണ് വർദ്ധിച്ചത്. പാവപ്പെട്ടവർക്ക് ആയും പിന്നോക്ക വിഭാഗക്കാരും അവർ എന്താണ് ചെയ്തത്? ദളിത് വിഭാഗത്തിൽപ്പെട്ട ഒരു ആദിവാസി കുടുംബത്തിലെ മകളെ രാജ്യത്തിന്റെ രാഷ്ട്രപതിയാക്കാൻ ബിജെപി തീരുമാനിച്ചപ്പോൾ എതിർത്തവരാണ് കോൺഗ്രസ്. അന്ന് അവർക്ക് എതിരെ നിരവധി കുപ്രചരണങ്ങൾ ആണ് കോൺഗ്രസ് നടത്തിയത്” എന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
“സ്വത്വം എന്നതിനെ സംരക്ഷിക്കുകയാണ് ബിജെപിയുടെ ദൗത്യം. പിന്നോക്ക വിഭാഗക്കാരെയും ആദിവാസികളെയും ഗോത്ര വിഭാഗങ്ങളെയും എല്ലാം സംരക്ഷിക്കാൻ ബിജെപി സാധ്യമായതെല്ലാം ചെയ്തിട്ടുണ്ട്. ഛത്തീസ്ഗഡിലെ കോൺഗ്രസ് ഭരണം ഒരു വലിയ പരാജയം ആയിരുന്നു എന്ന് എല്ലാവർക്കും അറിയാം. തകർന്ന റോഡുകളും മോശം അവസ്ഥയിലുള്ള ആശുപത്രികളും സ്കൂളുകളും എല്ലാം സർക്കാരിന്റെ ആ ഭരണ പരാജയമാണ് കാണിച്ചുതരുന്നത്. സർക്കാർ സ്ഥാപനങ്ങളിൽ കൈക്കൂലി വാങ്ങുന്ന കാര്യത്തിൽ മാത്രമാണ് കോൺഗ്രസ് റെക്കോർഡ് സ്വന്തമാക്കിയത്. ഈ തിരഞ്ഞെടുപ്പ് ഒരു എംഎൽഎയേയോ മന്ത്രിയേയോ തിരഞ്ഞെടുക്കാൻ വേണ്ടി മാത്രമുള്ളതല്ല. നിങ്ങളുടെയും നിങ്ങളുടെ കുട്ടികളുടെയും ഭാവി തീരുമാനിക്കാനുള്ള തിരഞ്ഞെടുപ്പ് കൂടിയാണിത്” എന്നും പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തമാക്കി.








