ന്യൂഡൽഹി: ഓൺലൈൻ ഗെയിമിങ് ആപ്പ് മറയാക്കി നടത്തിയ കോടിക്കണക്കിനു രൂപയുടെ തട്ടിപ്പുമായി ബന്ധപ്പെട്ട് കളളപ്പണം വെളുപ്പിക്കൽ കേസിൽ റെയ്ഡുമായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ഗുജറാത്ത് സൈബർ ക്രൈം പോലീസ് രജിസ്റ്റർ ചെയ്ത എഫ്‌ഐആറിൽ ഗുജറാത്തിലെ അഹമ്മദാബാദ്, കച്ച്, നവസാരി എന്നിവിടങ്ങളിലും ഡൽഹിയിലുമാണ് റെയ്ഡ് നടന്നത്.
പ്രധാനമായും ഗെയിമിങ് ആപ്പ് കമ്പനിയുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളിലായിരുന്നു റെയ്ഡ്. കുറ്റാരോപിതരായ ചൈനീസ് പൗരനടക്കമുള്ള നാല് പേർ ചേർന്നാണ് ‘ദാനി ഡാറ്റ (Dani Data)’ എന്ന ഗെയിമിങ് ആപ്പ് സൃഷ്ടിച്ചത്. ഈ ആപ്പ് 2021 ഡിസംബർ മുതൽ ലഭ്യമാണെന്നും 2022 മെയ് 26 മുതൽ 31 വരെ ഗൂഗിൾ പ്ലേ സ്റ്റോറിൽ ലഭിച്ചിരുന്നെന്നും ഇഡി വ്യക്തമാക്കുന്നു.
വൻതോതിൽ ആപ്പിന്റെ പേരിൽ നിക്ഷേപം വാങ്ങിയിരുന്നു. ഒരു ഗെയിമിന് 0.75 ശതമാനം റിട്ടേൺ ഉറപ്പു നൽകിയായിരുന്നു നിക്ഷേപം സ്വീകരിച്ചത്. കോടിക്കണക്കിന് രൂപ ഇത്തരത്തിൽ ശേഖരിച്ചതായിട്ടാണ് നിഗമനം. ഓരോ ഗെയിമിനും കുറഞ്ഞത് 0.75 ശതമാനം റിട്ടേൺ വാഗ്ദാനത്തിലൂടെ പരാതിക്കാരെ കൂടാതെ മറ്റ് വ്യക്തികളെയും അവരോടൊപ്പം നിക്ഷേപം നടത്താൻ പ്രേരിപ്പിക്കുകയും ചെയ്തുവെന്നു ഇഡി വ്യക്തമാക്കി.
ആപ്പിന്റെ പ്രമോട്ടർമാർക്കെതിരെയാണ് ഗുജറാത്ത് സൈബർ ക്രൈം വിഭാഗം എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ചൈനീസ് പൗരനെയാണ് പ്രധാന പ്രതിയായി ചേർത്തിരിക്കുന്നത്. ഇയാളും ഇന്ത്യയിലെ കൂട്ടാളികളും ചേർന്നാണ് തട്ടിപ്പ് നടത്തിയതെന്നാണ് കണ്ടെത്തൽ.
Discussion about this post