അയോദ്ധ്യ: അയോദ്ധ്യ ശ്രീരാമ ക്ഷേത്രത്തിന്റെ പ്രതിഷ്ഠാദിനത്തിൽ താൽക്കാലിക ക്ഷേത്രത്തിൽനിന്ന് പുതിയ ക്ഷേത്രത്തിന്റെ ശ്രീകോവിലിലേക്ക് കാൽനടയായി ശ്രീരാമ വിഗ്രഹം വഹിച്ചുകൊണ്ടുപോകുന്നതു പ്രധാനമന്ത്രി നരേന്ദ്ര മോദി ആയിരിക്കുമെന്നു സൂചന. ഉത്തർപ്രദേശ് മുഖ്യമന്ത്രിയും ഗോരഖ്‌നാഥ് മഠത്തിന്റെ പ്രധാന പുരോഹിതനുമായ യോഗി ആദിത്യനാഥും നരേന്ദ്രമോദിയെ അനുഗമിക്കും. ആർഎസ്എസ് സർസംഘചാലക് മോഹൻ ഭാഗവതും കൂടെയുണ്ടാലുമെന്നാണ് വിവരം.
പ്രോട്ടോക്കോളുകൾ മറികടന്ന് 500 മീറ്ററോളം വിഗ്രഹം കൈകളിലേന്തിയാണ് പ്രധാനമന്ത്രി നടക്കുക. വിഗ്രഹത്തിന്റെ മിഴി തുറക്കുന്ന ചടങ്ങിനു മുൻപു നടക്കുന്ന പ്രാണ പ്രതിഷ്ഠയിൽ പ്രധാനമന്ത്രിയാവും ചുമതല വഹിക്കുകയെന്നും സൂചനയുണ്ട്. തുടർന്നു നടക്കുന്ന പ്രതിഷ്ഠാ ചടങ്ങിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള പ്രമുഖ പുരോഹിതന്മാർ പങ്കെടുക്കും. പുണ്യനദികളിൽ നിന്നുള്ള ജലം ഉപയോഗിച്ച് ജലധാരയും നടത്തി പ്രത്യേക പൂജകൾക്ക് ശേഷമാണ് പ്രതിഷ്ഠാ ചടങ്ങുകൾ നടത്തുക.
മൂന്നു വിഗ്രഹങ്ങളാണ് ട്രസ്റ്റ് തയാറാക്കിയിരിക്കുന്നത്. ഇതിൽ ഏതാണു പ്രതിഷ്ഠിക്കുകയെന്ന് തീരുമാനിച്ചിട്ടില്ല. രാജസ്ഥാനിൽനിന്നുള്ള മാർബിളിലും കർണാടകയിൽനിന്നുള്ള ഗ്രാനൈറ്റിലുമാണ് വിഗ്രഹങ്ങൾ നിർമിച്ചിരിക്കുന്നത്. വിവിധ സംസ്ഥാനങ്ങളുടെ മുഖ്യമന്ത്രിമാരെയും വിവിധരാജ്യങ്ങളുടെ പ്രതിനിധികളെയും ചടങ്ങിലേക്ക് ക്ഷണിക്കുന്നുണ്ട്.
Discussion about this post