ന്യൂഡൽഹി : രാഷ്ട്രീയ പ്രവേശനത്തെ കുറിച്ച് സൂചന നൽകി നടി കങ്കണ റണാവത്ത്. തിരഞ്ഞെടുപ്പിൽ മത്സരിക്കുമോ എന്ന മാദ്ധ്യമപ്രവർത്തകരുടെ ചോദ്യത്തിന് “ഭഗവാൻ കൃഷ്ണന്റെ അനുഗ്രഹം ഉണ്ടെങ്കിൽ തീർച്ചയായും ലോക്സഭ തെരഞ്ഞെടുപ്പിൽ മത്സരിക്കും” എന്ന് കങ്കണ മറുപടി നൽകി. ദ്വാരകാധീശ് ശ്രീകൃഷ്ണ ക്ഷേത്രത്തിൽ ദർശനം നടത്താനായി എത്തിയതായിരുന്നു കങ്കണ.
600 വർഷത്തെ പോരാട്ടത്തിന് ശേഷം അയോധ്യയിൽ ശ്രീരാമന്റെ പ്രതിഷ്ഠ സാധ്യമാക്കിയതിന് ബിജെപി നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാരിനെ കങ്കണ അഭിനന്ദിച്ചു. “ബിജെപി സർക്കാരിന്റെ ശ്രമഫലമായി, 600 വർഷത്തെ പോരാട്ടത്തിനൊടുവിലാണ് ഇന്ത്യക്കാർക്ക് ഈ ദിവസം കാണാനായത്. മഹത്തായ ആഘോഷത്തോടെ ക്ഷേത്രം സ്ഥാപിക്കും. സനാതന ധർമ്മത്തിന്റെ പതാക ലോകമെമ്പാടും ഉയരണം” എന്നും കങ്കണ വ്യക്തമാക്കി.
ദ്വാരകാധീശ് ക്ഷേത്രത്തിൽ ദർശനത്തിന് എത്തിയതിനെക്കുറിച്ചും കങ്കണ സൂചിപ്പിച്ചു. ” ദ്വാരക ഒരു ദിവ്യനഗരമാണെന്ന് ഞാൻ എപ്പോഴും പറയാറുണ്ട്. ഇവിടെ എല്ലാം അതിശയകരമാണ്. എല്ലാ കണികകളിലും ദ്വാരകാധീശൻ ഉണ്ട്. അദ്ദേഹത്തെ കാണുമ്പോൾ ഞാൻ അനുഗ്രഹീതയാകും.
കടലിനടിയിൽ മുങ്ങിയ ദ്വാരക നഗരത്തിന്റെ അവശിഷ്ടങ്ങൾ സന്ദർശിക്കാൻ സർക്കാർ തീർഥാടകർക്ക് സൗകര്യമൊരുക്കണം ” എന്നും കങ്കണ റണാവത്ത് കൂട്ടിച്ചേർത്തു.
Discussion about this post