ചെന്നൈ: ഉക്കടം ഭീകരാക്രമണ കേസിൽ ഒരു ഭീകരനെ കൂടി അറസ്റ്റ് ചെയ്ത് എൻഐഎ. ഇസ്ലാമിക് സ്റ്റേറ്റ് ഭീകരൻ ആയ താഹ നസീർ ആണ് അറസ്റ്റിലായത്. ഇതോടെ കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലാകുന്നവരുടെ എണ്ണം 15 ആയി.
സ്‌ഫോടനത്തിൽ കൊല്ലപ്പെട്ട ഭീകരൻ ജമേഷ മൊയ്ദീനുമായി താഹ നസീറിന് ബന്ധമുണ്ടെന്ന് എൻഐഎ കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. സ്‌ഫോടനത്തെക്കുറിച്ച് താഹയ്ക്ക് അറിവുണ്ടായിരുന്നു. സ്‌ഫോടനം ഉണ്ടാകുന്നതിന് മുൻപുള്ള ദിവസങ്ങളിൽ ഇരുവരും തമ്മിൽ കൂടിക്കാഴ്ച നടത്തിയിരുന്നുവെന്നാണ് എൻഐഎയുടെ കണ്ടെത്തൽ. സ്‌ഫോടനം ഉണ്ടാകുന്നതിന് തലേദിവസവും, നാല് ദിവസങ്ങൾക്ക് മുൻപുമാണ് ഇവർ കൂടിക്കാഴ്ച നടത്തിയത്. സ്‌ഫോടക വസ്തു ശേഖരിച്ചുവച്ചിട്ടുള്ള മുറിയ്ക്കുള്ളിൽ വച്ചായിരുന്നു അവസാന കൂടിക്കാഴ്ച.
കാർ വർക്ക് ഷോപ്പിൽ പെയിന്ററായി ജോലി ചെയ്യുകയാണ് താഹ നസീർ. കാറിൽ സ്‌ഫോടക വസ്തുക്കൾ നിറയ്ക്കാൻ ഇയാൾ സഹായിച്ചുവെന്നാണ് എൻഐഎ സംശയിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ ഇയാളിൽ നിന്നും എൻഐഎ തേടുന്നുണ്ട്. നസീറും കേസിൽ അറസ്റ്റിലായ മറ്റൊരു പ്രതി മുഹമ്മദ് തൗഫീഖും സുഹൃത്തുകളാണെന്നും എൻഐഎ വ്യക്തമാക്കുന്നുണ്ട്.
അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ഇയാളെ ചെന്നൈയിലെ എൻഐഎ പ്രത്യേക കോടതിയിൽ ഹാജരാക്കി. കേസുമായി ബന്ധപ്പെട്ട് ഇയാളിൽ നിന്നും അന്വേഷണ സംഘം വിശദമായ മൊഴിയെടുക്കും. ഒറ്റയ്ക്കിരുത്തിയും മറ്റ് പ്രതികൾക്കൊപ്പം ഇരുത്തിയുമാകും മൊഴിയെടുക്കുക.
Discussion about this post