അഭിനേതാക്കളായ ഗോവിന്ദ് പത്മസൂര്യയും ഗോപിക അനിലും വിവാഹിതരാകാൻ പോകുന്നു എന്നുള്ള വാർത്ത ആരാധകർക്ക് ശരിക്കും ഒരു സർപ്രൈസ് ആയിരുന്നു. ചെറിയൊരു സൂചന പോലും ഇല്ലാതെയാണ് പെട്ടെന്നൊരു ദിവസം ഇരുവരും തമ്മിലുള്ള വിവാഹ നിശ്ചയം നടത്തുന്നത്. അപ്പോൾ മുതൽ ആരാധകർക്കുണ്ടായിരുന്ന സംശയമായിരുന്നു ഇവർ തമ്മിൽ പ്രണയവിവാഹമാണോ അതോ വീട്ടുകാർ ഉറപ്പിച്ച വിവാഹമാണോ എന്നുള്ളത്. ഇപ്പോഴിതാ ആരാധകരുടെ എല്ലാ സംശയങ്ങൾക്കും ഉത്തരവുമായി എത്തിയിരിക്കുകയാണ് ജിപിയും ഗോപികയും. ജിപിയുടെ യൂട്യൂബ് ചാനലിലൂടെ ആണ് ഇരുവരും മനസ്സ് തുറന്നത്.
തങ്ങളുടെത് പ്രണയവിവാഹം അല്ല എന്ന് ഇരുവരും വ്യക്തമാക്കി. വീട്ടുകാരുടെ നിർദ്ദേശപ്രകാരമാണ് കണ്ടുമുട്ടിയതും പരിചയപ്പെട്ടതും. എന്നാൽ പെട്ടെന്ന് തന്നെ അടുത്ത സുഹൃത്തുക്കൾ ആയി മാറി. സുഹൃത്ബന്ധം വിവാഹത്തിലേക്ക് കൊണ്ടുപോകാൻ സാധിക്കുമോ എന്ന് സംശയം ഉണ്ടായപ്പോൾ പിരിയാൻ തീരുമാനിച്ചു. പക്ഷേ ഒടുവിൽ വിവാഹിതരാകാൻ തന്നെ തീരുമാനിക്കുകയായിരുന്നു എന്നാണ് ഇരുവരും വ്യക്തമാക്കുന്നത്.
‘‘ചേട്ടന്റെ അച്ഛന്റെ അനിയത്തിയും എന്റെ വല്യമ്മയും 15 വർഷത്തോളമായി കൂട്ടുകാരാണ്. അവരാണ് യഥാർഥത്തിൽ ഇങ്ങനെ ഒരു വിവാഹാലോചന തുടങ്ങിവച്ചത് ” എന്നാണ് ഗോപിക പറയുന്നത്. ‘മേമ എന്നോട് , ഗോപികയെപ്പറ്റി പറഞ്ഞ ശേഷം പോയി കാണണം, പരിചയപ്പെടണം എന്നെല്ലാം പറഞ്ഞു. എന്നാൽ ഞാൻ അതിനത്ര പ്രാധാന്യം നൽകിയില്ല. എന്നാൽ എന്നെ വെറുതെ വിടാനുള്ള ഉദ്ദേശം മേമക്കുണ്ടായിരുന്നില്ല. ഒന്നരമാസത്തോളം ഞാൻ ഉഴപ്പി. എന്നാൽ മേമ വീണ്ടും നിർബന്ധിച്ചതോടെ ഗോപികയെ വിളിക്കുകയായിരുന്നു” എന്നാണ് ജിപി പറയുന്നത്.
ചെന്നൈയിൽ വച്ചാണ് ഗോപികയെ ആദ്യമായി കണ്ടതെന്ന് ജിപി സൂചിപ്പിച്ചു. ” ഒരു നിയോഗം പോലെ കാപാലീശ്വര ക്ഷേത്രത്തിൽ വച്ച് ആണ് ആദ്യമായി ജിപി ഗോപികയെ കാണുന്നത്. ഗോപികയുടെ കൂടെ മിട്ടുവും സുഹൃത്തുക്കളും ഉണ്ടായിരുന്നു. അഞ്ചു മണിക്കൂറോളം മനസ്സ് തുറന്ന് തന്നെപ്പറ്റി ഗോപിക സംസാരിച്ചപ്പോൾ എനിക്കും താല്പര്യം തോന്നി തുടങ്ങി. കൊച്ചിയിൽ നിന്നും കോഴിക്കോട്ടേക്കുള്ള കാർ യാത്രയിൽ വെച്ചാണ് ഞാൻ ഗോപികയോട് മനസ്സ് തുറന്ന് സംസാരിക്കുന്നത്.”
“ബന്ധം മുന്നോട്ട് കൊണ്ട് പോകാൻ കഴിയുമോ എന്ന ആശങ്ക ഗോപികക്കുണ്ടായപ്പോൾ, ആ ആശങ്ക ജിപിയിലും ഉണ്ടായി. അതോടെ പിരിയാം എന്ന് തീരുമാനിച്ചു. രണ്ടുപേരും ഒരേ മനസ്സോടെയാണ് വിവാഹം എന്ന തീരുമാനം എടുക്കേണ്ടത് എന്ന് നിർബന്ധമായിരുന്നു. അപ്പോഴേക്കും തങ്ങൾ നല്ല സുഹൃത്തുക്കളായിരുന്നു. ഒടുവിൽ ബന്ധം മുന്നോട്ട് കൊണ്ടുപോകാൻ തന്നെ തീരുമാനിക്കുകയായിരുന്നു. അങ്ങനെയാണ് വീട്ടുകാരെ വിവാഹത്തിന് സമ്മതം അറിയിക്കുന്നതും വിവാഹനിശ്ചയം നടത്തുന്നതും” എന്നും ജിപി വ്യക്തമാക്കി.
“വിവാഹനിശ്ചയത്തിന് നാലുദിവസം മാത്രം ബാക്കി നിൽക്കെയാണ് സ്വാന്തനം സീരിയലിന്റെ സംവിധായകൻ ആദിത്യൻ മരണപ്പെടുന്നത്. ഗോപിക ശരിക്കും തകർന്നു പോയ ദിവസമായിരുന്നു അത്. വിവാഹനിശ്ചയം മാറ്റിവെച്ചാലോ എന്ന് വരെ ചിന്തിച്ചു. എന്നാൽ നിശ്ചയത്തിനായി ജയ്പൂരിൽ നിന്ന് അടക്കം ദൂരസ്ഥലങ്ങളിൽ നിന്നു പോലും ബന്ധുക്കൾ വന്നെത്തിയിരുന്നു. അതിനാൽ തന്നെ നിശ്ചയം നടത്താനായി തീരുമാനിച്ചു. സുഹൃത്തുക്കളാണ് അപ്പോൾ ഏറ്റവും കൂടുതൽ താങ്ങായത്. ഗോപിക അഭിനയം നിർത്തുന്നു എന്നുള്ള തരത്തിലുള്ള വാർത്തകൾ വാസ്തവ വിരുദ്ധമാണ്. ഗോപിക ഇഷ്ടമുള്ള കാലം വരെ അഭിനയിക്കും ” എന്നും ജിപി വ്യക്തമാക്കി.
Discussion about this post