പാലക്കാട് : വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടികൾക്ക് നേരെ കാട്ടുപന്നിയുടെ ആക്രമണം. മംഗലംഡാം വീട്ടിക്കൽകടവ് ശ്രീ സുരുജിയിൽ മുരളീധരന്‍റെ വീട്ടുമുറ്റത്ത് വെച്ചാണ് കാട്ടുപന്നി കുട്ടികളെ ആക്രമിച്ചത്. കുട്ടികൾ കളിച്ചുകൊണ്ടിരിക്കെ സമീപത്തു നിന്നും പെട്ടെന്ന് ചീറിപ്പാഞ്ഞ് എത്തുകയായിരുന്നു കാട്ടുപന്നി.
കാട്ടുപന്നിയുടെ ആക്രമണത്തിൽ മൂന്ന് കുട്ടികൾക്ക് പരിക്കേറ്റു. മംഗലം ഡാം പ്രദേശത്ത് കാട്ടുപന്നിയുടെ ആക്രമണം തുടർക്കഥയാവുകയാണ്. മേഖലയിൽ കഴിഞ്ഞ കുറെ നാളുകളായി കാട്ടുപന്നി ശല്യം രൂക്ഷമാണ്.
കാട്ടുപന്നി ശല്യം കാരണം സ്വന്തം വീട്ടുമുറ്റത്ത് പോലും സുരക്ഷിതരല്ല എന്നാണ് നാട്ടുകാരുടെ ആരോപണം. ഏതാനും ദിവസങ്ങൾക്കു മുൻപ് ഒരു ബൈക്ക് യാത്രികന്റെ നേരെ കാട്ടുപന്നി ചാടുകയും ബൈക്ക് അപകടത്തിൽപ്പെട്ട് യുവാവ് മരണപ്പെടുകയും ചെയ്തിരുന്നു. പ്രദേശത്തെ കാട്ടുപന്നി ശല്യത്തിന് പരിഹാരം വേണം എന്നാണ് നാട്ടുകാരുടെ ആവശ്യം.










