ന്യൂഡൽഹി: നിരോധനത്തിനെതിരായി പോപ്പുലർ ഫ്രണ്ട് നൽകിയ ഹർജി സുപ്രീം കോടതി തള്ളി. പിഎഫ്ഐ ആദ്യം സമീപിക്കേണ്ടത് ഡൽഹി ഹൈക്കോടതിയെ ആണെന്നും ഹർജി തള്ളിക്കൊണ്ട് സുപ്രീം കോടതി പറഞ്ഞു. ജസ്റ്റിസുമാരായ അനിരുദ്ധ ബോസ്, ബേല എം. ത്രിവേദി എന്നിവരാണ് ഹർജി പരിഗണിച്ചത്. പിഎഫ്ഐയെ നിരോധിക്കാനുള്ള കേന്ദ്ര തീരുമാനം ശരിവച്ച് യുഎപിഎ ട്രിബ്യൂണൽ ഉത്തരവിട്ടിരുന്നു. ഈ ഉത്തരവിനെതിരേ പിഎഫ്ഐ സമർപ്പിച്ച ഹർജജിയാണ് തള്ളിയത്.
നിയമവിരുദ്ധ പ്രവർത്തന നിരോധന നിയമപ്രകാരം (യുഎപിഎ) കഴിഞ്ഞ വർഷം സെപ്റ്റംബർ 28നാണ് പോപ്പുലർ ഫ്രണ്ടിനെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിരോധിച്ചത്. പിഎഫ്ഐക്കൊപ്പം, റീഹാബ് ഇന്ത്യ ഫൗണ്ടേഷൻ, ക്യാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ, ഓൾ ഇന്ത്യ ഇമാംസ് കൗൺസിൽ, നാഷനൽ കോൺഫെഡറേഷൻ ഓഫ് ഹ്യുമൻ റൈറ്റ്സ് ഓർഗനൈസേഷൻ, നാഷനൽ വിമൻസ് ഫ്രണ്ട്, ജൂനിയർ ഫ്രണ്ട്, എംപവർ ഇന്ത്യ ഫൗണ്ടേഷൻ, റീഹാബ് ഫൗണ്ടേഷൻ കേരള എന്നീ സംഘടനകളെയും കേന്ദ്രം നിരോധിച്ചിരുന്നു. രാജ്യത്ത് ഭീകരാന്തരീക്ഷം സൃഷ്ടിക്കാനുള്ള പ്രവർത്തനങ്ങളിൽ പോപ്പുലർ ഫ്രണ്ടും അനുബന്ധ സംഘടനകളും ഏർപ്പെട്ടതായി ചൂണ്ടിക്കാട്ടിയായിരുന്നു നിരോധനം.
Discussion about this post