ഡൽഹി: ലോകകപ്പ് ക്രിക്കറ്റിലെ അവസാന ലീഗ് മത്സരങ്ങൾ പുരോഗമിക്കുമ്പോൾ ആവേശം പാരമ്യത്തിൽ. ഡൽഹി അരുൺ ജെയ്റ്റ്ലി സ്റ്റേഡിയത്തിൽ ഇന്ന് നടന്ന മത്സരത്തിൽ ബംഗ്ലാദേശിനോട് തോറ്റ് മുൻ ചാമ്പ്യന്മാരായ ശ്രീലങ്ക പുറത്തായി. ആവേശം അലതല്ലിയ മത്സരത്തിൽ 3 വിക്കറ്റിനാണ് ബംഗ്ലാദേശിന്റെ വിജയം. ജയിച്ചെങ്കിലും ബംഗ്ലാദേശിന്റെ സെമി സാദ്ധ്യതകൾ തുലാസിലാണ്.
ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത ബംഗ്ലാദേശ്, 49.3 ഓവറിൽ 279 റൺസിന് ശ്രീലങ്കയെ പുറത്താക്കി. 108 റൺസ് നേടിയ ചരിത് അസലങ്കയുടെ ബാറ്റിംഗാണ് ലങ്കയ്ക്ക് പൊരുതാവുന്ന സ്കോർ സമ്മാനിച്ചത്. ബംഗ്ലാദേശിന് വേണ്ടി തൻസീം ഹസൻ സകീബ് 3 വിക്കറ്റ് വീഴ്ത്തി.
മറുപടി ബാറ്റിംഗിൽ ലക്ഷ്യം കൃത്യമായി മുന്നിൽ കണ്ട് ബാറ്റ് വീശിയ ബംഗ്ലാദേശ് 41.1 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 282 റൺസ് നേടി വിജയിച്ചു. 90 റൺസെടുത്ത നജ്മുൽ ഹുസൈൻ ഷാന്റോ, കൂറ്റനടികളിലൂടെ 65 പന്തിൽ 82 റൺസ് നേടിയ ക്യാപ്ടൻ ഷകീബ് അൽ ഹസൻ എന്നിവരുടെ ഇന്നിംഗ്സുകളാണ് ബംഗ്ലാദേശിന് വിജയം സമ്മാനിച്ചത്. ശ്രീലങ്കയ്ക്ക് വേണ്ടി ദിൽഷൻ മധുശങ്ക 3 വിക്കറ്റ് വീഴ്ത്തി.
മത്സരത്തിനിടെ, ശ്രീലങ്കൻ ഓൾ റൗണ്ടർ എയ്ഞ്ചലോ മാത്യൂസ് ഒരു പന്ത് പോലും നേരിടാതെ പുറത്തായത് വിവാദമായി. അന്താരാഷ്ട്ര ക്രിക്കറ്റിൽ ടൈം ഔട്ടിലൂടെ പുറത്താകുന്ന ആദ്യ ബാറ്റ്സ്മാൻ എന്ന ലേബലും പേറിയാണ് മാത്യൂസ് മടങ്ങിയത്. ശ്രീലങ്കൻ ഇന്നിംഗ്സിലെ ഇരുപത്തിനാലാം ഓവറിലായിരുന്നു മാത്യൂസിന്റെ വിവാദ പുറത്താകൽ. സദീര സമരവിക്രമ പുറത്തായതിന് ശേഷം ക്രീസിൽ എത്തിയ മാത്യൂസിന്റെ ഹെൽമെറ്റിന്റെ സ്ട്രാപ്പ് പൊട്ടിയിരുന്നു. ഈ ഹെൽമെറ്റ് മാറ്റാൻ മാത്യൂസ് സമയം എടുത്തതോടെ, ടൈം ഔട്ട് നിയമ പ്രകാരം ബൗളർ ഷക്കീബ് അൽ ഹസൻ അപ്പീൽ ചെയ്തു. ഇത് അമ്പയർ മറെ ഇരാസ്മസ് അനുവദിക്കുകയായിരുന്നു.
ക്രീസിൽ എത്തിയാൽ മൂന്ന് മിനിറ്റിനുള്ളിൽ ബാറ്റ്സ്മാൻ ആദ്യ പന്ത് നേരിടാൻ തയ്യാറാകണം എന്നതാണ് ടൈം ഔട്ട് നിയമം. ലോകകപ്പിൽ ഈ സമയ പരിധി രണ്ട് മിനിറ്റാണ്. ഈ സമയ പരിധി മാത്യൂസ് മറികടന്നതോടെയാണ് ഷക്കീബ് അപ്പീൽ ചെയ്തത്. മാത്യൂസിന്റെ പുറത്താകലിന് കാരണമായ ഷക്കീബ് അൽ ഹസന്റെ അപ്പീൽ മാന്യന്മാരുടെ കളി എന്ന വിശേഷണമുള്ള ക്രിക്കറ്റിന് അപഖ്യാതി ഉണ്ടാക്കി എന്നാണ് ക്രിക്കറ്റ് പണ്ഡിതന്മാരുടെ നിരീക്ഷണം.
അതേസമയം, മത്സരത്തിൽ ബംഗ്ലാദേശ് ജയിച്ചതോടെ സെമി ഫൈനൽ പ്രവേശനത്തിനായി കാത്തിരിക്കുന്ന ന്യൂസിലൻഡിന്റെയും പാകിസ്താന്റെയും സാധ്യതകൾ സജീവമായി തുടരുന്നു. ഏറെക്കുറെ സേഫ് സോണിലായ ഓസ്ട്രേലിയയും സെമിയിലെത്താൻ വിദൂര സാധ്യതകൾ അവശേഷിക്കുന്ന അഫ്ഗാനിസ്ഥാനും ഒരേ പോലെ കാത്തിരിപ്പ് തുടരുകയാണ്. ഇന്ത്യയും ദക്ഷിണാഫ്രിക്കയുമാണ് സെമിയിലെത്തിയ രണ്ട് ടീമുകൾ.
Discussion about this post