ന്യൂഡൽഹി: ഓരോ വോട്ടും വികസിതവും സമൃദ്ധവുമായ മിസോറാമിന് അടിത്തറ പാകുന്നതാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. അതിനാൽ മിസോറാമിലെ ജനങ്ങൾ, പ്രത്യേകിച്ച് യുവാക്കൾ എല്ലാവരും തങ്ങളുടെ വോട്ടവകാശം വിനിയോഗിക്കണമെന്ന് അമിത് ഷാ അഭ്യർത്ഥിച്ചു.
“മിസോറാമിലെ നമ്മുടെ സഹോദരി സഹോദരന്മാരോട്, പ്രത്യേകിച്ച് യുവാക്കളോട്, എല്ലാവരും തങ്ങളുടെ വോട്ടവകാശം വിനിയോഗിക്കണമെന്ന് ഞാൻ അഭ്യർത്ഥിക്കുന്നു. ഓരോ വോട്ടും വികസിതവും സമൃദ്ധവുമായ മിസോറാമിന്റെ അടിത്തറ പാകും,” ഷാ ട്വീറ്റ് ചെയ്തു.
മിസോറാം നിയമസഭാ തെരഞ്ഞെടുപ്പ് ഇന്ന് ആരംഭിച്ചു. ആകെ 174 സ്ഥാനാർഥികളാണ് മത്സരിക്കുന്നത്. 4,12,969 പുരുഷൻമാരും 4,38,925 സ്ത്രീകളും ഒരു ട്രാൻജെൻഡറും ഉൾപ്പെടെ 8,51,895 വോട്ടർമാരാണ് മിസോറാമിൽ ഉള്ളത്. 50,611 കന്നി വോട്ടർമാരും ഇത്തവണ മിസോറാമിൽ ഉണ്ട്. സംസ്ഥാനത്തെ 30 പോളിങ് സ്റ്റേഷനുകളെ ക്രിട്ടിക്കൽ പോളിംഗ് സ്റ്റേഷനുകളായി തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചിട്ടുണ്ട്.
1987 ഫെബ്രുവരിയിൽ സംസ്ഥാന പദവി നേടിയ ശേഷം എട്ട് തിരഞ്ഞെടുപ്പുകളാണ് മിസോറാമിൽ നടന്നിട്ടുള്ളത്. കോൺഗ്രസും ഇപ്പോൾ അധികാരത്തിലുള്ള മിസോ നാഷണൽ ഫ്രണ്ടും തമ്മിലുള്ള അധികാരമാറ്റത്തിനും കഴിഞ്ഞ തിരഞ്ഞെടുപ്പുകൾ സാക്ഷ്യം വഹിച്ചിട്ടുണ്ട്. രാവിലെ ഏഴ് മണിക്കാണ് മിസോറാമിൽ വോട്ടെടുപ്പ് തുടങ്ങിയത്. രാവിലെ മുതൽ ഐസ്വാളിലെ പോളിംഗ് സ്റ്റേഷനുകൾക്ക് പുറത്ത് വലിയ തിരക്കാണ് അനുഭവപ്പെട്ടത്. കഴിഞ്ഞ തിരഞ്ഞെടുപ്പുകളേക്കാൾ ഉയർന്ന വോട്ടിങ് ശതമാനം രേഖപ്പെടുത്തുന്നുണ്ട്. 2018 ൽ, 81.31 ആണ് സംസ്ഥാനത്തെ വോട്ടിംഗ് ശതമാനം. ഇന്ന് നാല് മണി വരെയാകും വോട്ടെടുപ്പ് നടക്കുക. ഡിസംബർ മൂന്നിനാകും വോട്ടെണ്ണൽ നടക്കുക.
Discussion about this post