തൃശൂർ : ഗുരുവായൂരപ്പന് ഇനി നാദധാരയുടെ നാളുകൾ. സംഗീത മഴയ്ക്കായി ഗുരുപവനപുരി ഒരുങ്ങി. ഏറെ പ്രസിദ്ധമായ ചെമ്പൈ സംഗീതോത്സവം ബുധനാഴ്ച മുതൽ ആരംഭിക്കും. ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ചാണ് എല്ലാവർഷവും ചെമ്പൈ സംഗീതോത്സവം നടത്തിവരുന്നത്.
ഈ വർഷത്തെ സംഗീതോത്സവം നവംബർ എട്ടിന് വൈകിട്ട് ആറുമണിക്ക് ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണൻ മേൽപ്പത്തൂർ ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ വെച്ച് ഈ വർഷത്തെ ശ്രീഗുരുവായൂരപ്പൻ ചെമ്പൈ സംഗീത പുരസ്കാരം കർണാടക സംഗീതജ്ഞൻ പദ്മഭൂഷൺ മധുരൈ ടി.എൻ. ശേഷഗോപാലിനു സമ്മാനിക്കും. തുടർന്ന് അദ്ദേഹത്തിന്റെ സംഗീതക്കച്ചേരിയും അരങ്ങേറും.
9ന് രാവിലെ ഏഴിന് ക്ഷേത്രം തന്ത്രി പി.സി. ദിനേശൻ നമ്പൂതിരിപ്പാട് ചെമ്പൈ സംഗീത മണ്ഡപത്തിൽ ഭദ്രദീപം തെളിയിക്കും. അതോടുകൂടിയാണ് 15 ദിവസം നീളുന്ന സംഗീതോത്സവത്തിന് തുടക്കമാകുക. സംഗീത മണ്ഡപത്തിൽ സ്ഥാപിക്കാനുള്ള ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെ തംബുരു ചെമ്പൈ ഗ്രാമത്തിലെ അദ്ദേഹത്തിന്‍റെ വസതിയിൽ നിന്ന് ചൊവ്വാഴ്ച വൈകിട്ട് ഏറ്റുവാങ്ങും. തുടർന്ന് ഈ തംബുരു ഘോഷയാത്രയായി ഗുരുവായൂരിലേക്ക് കൊണ്ടുവരും.
ബുധനാഴ്ച വൈകിട്ട് ആറോടെ കിഴക്കേ നടയിൽ നിന്ന് ചെമ്പൈ സ്വാമികളുടെ തംബുരു സ്വീകരിച്ച് മേൽപ്പത്തൂർ ഓഡിറ്റോറിയത്തിലെത്തിക്കും. തുടർന്നാണ് ഉദ്ഘാടന ചടങ്ങുകൾ ആരംഭിക്കുക. ഈ വർഷം 3000-ത്തിലധികം പേരാണ് ചെമ്പൈ സംഗീതോത്സവത്തിൽ സംഗീതർച്ചന നടത്തുക.
Discussion about this post