ലാഹോര്‍: അപ്രതീക്ഷിത സന്ദര്‍ശനത്തിന് എത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി പാക് പ്രധാനമന്ത്രി നവാസ് ശരീഫുമായി കൂടിക്കാഴ്ച നടത്തി. ശരീഫിന്റെ ലാഹോറിലെ വസതിയില്‍വെച്ചാണ് ഇരുവരും ഹൃസ്വ കൂടിക്കാഴ്ച നടത്തിയത്.
അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള മടക്കയാത്രയില്‍ പാകിസ്ഥാനില്‍ ഇറങ്ങുമെന്ന് ട്വിറ്റര്‍ സന്ദേശത്തിലൂടെയാണ് മോദി രാജ്യത്തെ അറിയിച്ചത്. ലാഹോര്‍ വിമാനത്താവളത്തില്‍ പാക് പ്രധാനമന്ത്രി നവാസ് ഷെരീഫ് നരേന്ദ്രമോദിയെ സ്വീകരിച്ചു. ജന്മദിനത്തില്‍ നവാസ് ഷെരീഫിന് മോദി ആശംസകള്‍ നേര്‍ന്ന ശേഷം ഇരുവരും ഹെലികോപ്റ്ററില്‍ നവാസ് ഷെരീഫിന്റെ കുടുംബവീട്ടിലേക്ക് പോയി.
വീട്ടില്‍വച്ച് ഇരുവരും ലഘുചര്‍ച്ച നടത്തിയ ശേഷം നവാസ് ഷെരീഫിന്റെ കൊച്ചുമകളുടെ വിവാഹച്ചടങ്ങില്‍ പങ്കെടുത്തു.
ഇന്ത്യ-പാക് ബന്ധത്തിന് പുതിയ ഉണര്‍വ് നല്‍കാന്‍ കൂടിക്കാഴ്ച ഉപകരിച്ചെന്ന് വിദേശകാര്യ വക്താവ് വികാസ് സ്വരൂപ് ട്വിറ്ററില്‍ കുറിച്ചു. ചര്‍ച്ചകള്‍ ശരിയായ ദിശയിലാണ് പോകുന്നതെന്ന് മോദി-ഷെരീഫ് കൂടിക്കാഴ്ചയ്ക്ക് ശേഷം പാക് വിദേശകാര്യ സെക്രട്ടറി അജിസ് ചൗധരി പറഞ്ഞു. ഇരു രാജ്യങ്ങളിലെയും ജനങ്ങളുടെ നന്മയാണ് ആഗ്രഹിക്കുന്നത്. ചര്‍ച്ചകളുമായി മുന്നോട്ട് പോകാന്‍ ഇരു നേതാക്കളും തീരുമാനിച്ചതായി അജിസ് ചൗധരി പറഞ്ഞു.
മോദിയുടെ പാകിസ്ഥാന്‍ സന്ദര്‍ശനത്തിനെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ കടുത്ത പ്രതിഷേധമുയര്‍ത്തുമ്പോള്‍ കശ്മീര്‍ വിഘടനവാദി സംഘടകള്‍ അതിനെ സ്വാഗതം ചെയ്തു. മോദിയുടെ സന്ദര്‍ശനത്തെ പാകിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടി സ്വാഗതം ചെയ്തു. 12 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി പാകിസ്ഥാനില്‍ എത്തുന്നത്.
Discussion about this post