തിരുവനന്തപുരം: കണ്ടല സർവ്വീസ് സഹകരണ ബാങ്കിലും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ പരിശോധന. സിപിഐ നേതാവ് എന്‍.ഭാസുരാംഗനെതിരായ വായ്പ തട്ടിപ്പ് കേസിലാണ് നടപടി.
ഇന്ന് പുലർച്ചെ അഞ്ചരമണിയോടെയാണ് പരിശോധന ആരംഭിച്ചത്. എറണാകുളത്ത് നിന്നുള്ള സംഘമാണ് പരിശോധന നടത്തുന്നത്. ബാങ്കിലെ മുൻ സെക്രട്ടറിമാരായ ശാന്തകുമാരി രാജേന്ദ്രൻ, മോഹന ചന്ദ്രൻ എന്നിവരുടെ വീട്ടിലും കളക്ഷൻ ഏജന്റ് അനിയുടെ വീട്ടിലുമാണ് ഇഡി പരിശോധന നടത്തുന്നത്. ഭാസുരാംഗന്‍റെ വാടക വീട്ടിലും ഇഡി സംഘം പരിശോധക്കെത്തിയിരുന്നു. എന്നാൽ, വീട് പൂട്ടിക്കിടക്കുന്ന നിലയിലായിരുന്നു. ഭാസുരാംഗന്‍റെ മകന്‍റെ പൂജപ്പുരയിലെ റസ്റ്ററന്‍റിലും സംഘം പരിശോധന നടത്തി. ബാങ്കിലെ വായ്പ ഇടപാടുകള്‍ സംബന്ധിച്ചും വായ്പ തട്ടിപ്പുമായി ബന്ധപ്പെട്ടും സഹകരണ റജിസ്ട്രാറുടെ റിപ്പോര്‍ട്ട് ഇഡി നേരത്തെ തേടിയിരുന്നു.
കണ്ടല സർവീസ് സഹകരണബാങ്കിൽ 100കോടിയിലേറെ രൂപയുടെ തട്ടിപ്പുനടന്നിട്ടുണ്ടെന്നാണ് ആഭ്യന്തര അന്വേഷണത്തിൽ കണ്ടെത്തിയത്. തട്ടിപ്പിൽ അമ്പത്തിലധികം നിക്ഷേപകർ പരാതി നൽകുകയും അന്വേഷണം ക്രെെംബ്രാഞ്ചിന് കെെമാറുകയും ചെയ്തിരുന്നു. അന്വേഷണത്തിൽ തൃപ്തിയില്ലാത്ത നിക്ഷേപകർ നൽകിയ പരാതിയിലാണ് ഇഡി നടപടി.
Discussion about this post