കൊച്ചി: കളമശ്ശേരി സ്ഫോടന കേസിൽ പ്രതി മാർട്ടിൻ ഡൊമനിക്കുമായി ഇന്നും തെളിവെടുപ്പ് തുടരും. ബോംബ് നിർമിക്കാൻ ഉപയോഗിച്ച സാധനങ്ങൾ വാങ്ങിയ പള്ളിമുക്കിലെ കട, പെട്രോൾ വാങ്ങിയ പെട്രോൾ പമ്പ്, തമ്മനത്തെ വീട്, അങ്കമാലിയിൽ വാടകയ്ക്ക് താമസിച്ചിരുന്ന വീട് എന്നിവിടങ്ങളിൽ മാർട്ടിനെ എത്തിച്ച് തെളിവെടുക്കും. മാര്‍ട്ടിനെ പത്തിലേറെ സ്ഥലങ്ങളിലെത്തിച്ച് തെളിവെടുക്കണമെന്ന് പോലീസ് നേരത്തെ കോടതിയില്‍ വ്യക്തമാക്കിയിരുന്നു.
സ്ഫോടനം നടന്ന കൺവെൻഷൻ സെന്ററിൽ ഇന്നലെ തെളിവെടുപ്പ് നടത്തിയിരുന്നു. മൂന്ന് മണിക്കൂറോളമാണ് ഇവിടെ പ്രതിയുമായി തെളിവെടുപ്പ് നടത്തിയത്. ബോംബ് വച്ചത് എങ്ങനെയാണെന്നും ഹാളിലേക്ക് കയറിപ്പോയ വഴിയും തിരിച്ച് സ്കൂട്ടറിൽ മടങ്ങിയ വഴിയും പ്രതി പോലീസിന് കാണിച്ചുകൊടുത്തു. ഈ മാസം 15 വരെയാണ് പ്രതിയെ കസ്റ്റഡിയിൽ വിട്ടിരിക്കുന്നത്. സ്ഫോടനം നടത്തിയത് താൻ ഒറ്റക്കാണെന്നാണ് പ്രതി ഇപ്പോഴും ആവർത്തിക്കുന്നത്.
ഒക്ടോബർ 29നാണ് കളമശേരി സാമ്ര കൺവെൻഷൻ സെൻ്ററിൽ സ്ഫോടനം നടന്നത്. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ രണ്ടായിരത്തിലധികം പേർ ഹാളില്‍ ഉണ്ടായിരുന്നു. വെള്ളിയാഴ്ച്ച തുടങ്ങിയ യഹോവ സാക്ഷി വിശ്വാസ സമൂഹത്തിന്റെ പ്രാർത്ഥനായോഗത്തിന്റെ സമാപന ദിവസമായിരുന്നു സ്ഫോടനം. സ്ഫോടനത്തില്‍ നാല് പേർക്കാണ് ജീവന്‍ നഷ്ടമായത്. കളമശ്ശേരി സ്വദേശി മോളി ജോയ് (61), മലയാറ്റൂർ സ്വദേശി ലിബിന (12), എറണാകുളം കുറുപ്പുംപടി സ്വദേശി ലയോണ പൗലോസ് (60), തൊടുപുഴ സ്വദേശിയായ കുമാരി (53) എന്നിവരാണ് മരിച്ചത്. പരിക്കേറ്റ രണ്ട് പേരുടെ നില ഇപ്പോഴും ഗുരുതരമായി തുടരുകയാണ്.
Discussion about this post