എറണാകുളം: ആലുവയില്‍ അഞ്ചുവയസ്സുകാരിയെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതി അസ്ഫാഖ് ആലത്തിനുള്ള ശിക്ഷ ശിശുദിനമായ നവംബർ 14ന് വിധിക്കും. പ്രതിക്കെതിരെ തെളിഞ്ഞ 16 കുറ്റകൃത്യങ്ങളിൽ പൊതുസ്വഭാവം ഉള്ള മൂന്ന് വകുപ്പുകളിൽ ശിക്ഷ ഉണ്ടാകില്ല. സമാനമായ വകുപ്പുകൾക്ക് ഉയർന്ന ശിക്ഷ ഉള്ളതിനാൽ 13 വകുപ്പുകളിൽ ആണ് ശിക്ഷ വിധിക്കുക.
പ്രതി വധശിക്ഷയില്‍ കുറഞ്ഞ ഒരു ശിക്ഷയും അര്‍ഹിക്കുന്നില്ലെന്ന് പ്രോസിക്യൂഷന്‍ കോടതിയിൽ ആവർത്തിച്ചു. പ്രതി കൃത്യം നടത്തിയ രീതി അപൂര്‍വങ്ങളില്‍ അപൂര്‍വമാണ്. കുട്ടിയെ ക്രൂരമായി കൊലപ്പെടുത്തിയ ശേഷം, മാലിന്യം വലിച്ചെറിയുന്ന ലാഘവത്തോടെയാണ് മറവു ചെയ്തത്. ഈ കുട്ടി ജനിച്ച വർഷം പ്രതി ഇത്തരത്തിൽ മറ്റൊരു പെൺകുട്ടിയെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയിരുന്നുവെന്നും പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചു. കുട്ടികൾക്ക് കുട്ടികളായി വളരാനുള്ള സാഹചര്യമാണ് ഈ കുറ്റകൃത്യം ഇല്ലാതാക്കിയതെന്ന് പ്രോസിക്യൂഷൻ പറഞ്ഞു. ഓരോ അമ്മമാരും ഈ സംഭവത്തിന് ശേഷം ഭീതിയിലാണ്. കുട്ടികൾ വീടിന് പുറത്ത് ഇറങ്ങി മറ്റുള്ളവരോട് ഇടപെട്ട് ജീവിക്കാൻ ഉള്ള സാഹചര്യം ഈ കൃത്യത്തിലൂടെ പ്രതി ഇല്ലാതാക്കി. മഞ്ചേരിയിൽ മകളെ പീഡിപ്പിച്ചു കൊന്ന കേസിലെ പ്രതിയെ പിതാവ് വെടിവെച്ചു കൊന്നത് പ്രതിക്ക് കൃത്യമായി ശിക്ഷ ലഭിക്കാതിരുന്നത് കൊണ്ടാണെന്നും പ്രോസികൂഷൻ ചൂണ്ടിക്കാട്ടി. കുറ്റകൃത്യത്തിന് പരമാവധി ശിക്ഷ നൽകാതിരുന്നാൽ സമൂഹത്തിന് അത് തെറ്റായ സന്ദേശം നൽകുമെന്നും പ്രോസിക്യൂഷൻ വാദിച്ചു.
അതേസമയം, കേസില്‍ വധശിക്ഷ നല്‍കരുതെന്ന് പ്രതി കോടതിയില്‍ പറഞ്ഞു. മനഃപരിവർത്തനത്തിന് അവസരം തരണമെന്നും പ്രായം കണക്കിലെടുത്ത് ശിക്ഷയിൽ ഇളവുനൽകണമെന്നും പ്രതി അസ്ഫാഖ് ആലം കോടതിയിൽ ആവശ്യപ്പെട്ടു. പ്രതിയുടെ മാനസിക നില പരിശോധിച്ച് സർക്കാർ കോടതിയിൽ റിപ്പോർട്ട് നൽകിയിരുന്നു. ഈ റിപ്പോർട്ട് അംഗീകരിക്കരുതെന്ന് പ്രതിഭാഗം ആവശ്യപ്പെട്ടു. കേസിൽ സ്വതന്ത്ര ഏജൻസി പ്രതിയുടെ മാനസിക നില പരിശോധിക്കണമെന്നും പ്രതിയുടെ പ്രായം മാനസാന്തരപ്പെടാനുള്ള സാധ്യതയായി കാണണമെന്നും പ്രതിഭാഗം അഭിഭാഷകൻ കോടതിയിൽ പറഞ്ഞു. 27 വയസാണ് അസ്‌ഫാക് ആലത്തിന്റെ പ്രായം.
Discussion about this post