ന്യൂഡൽഹി: ഇസ്രയേൽ-ഹമാസ് യുദ്ധസാഹചര്യത്തിൽ തടവിലാക്കപ്പെട്ട ഇസ്രയേലി ബന്ദികളെ ഉടൻ മോചിപ്പിക്കണമെന്ന് ഇന്ത്യ വ്യാഴാഴ്ച ആവശ്യപ്പെട്ടു. കൂടാതെ, ഇസ്രയേൽ-പലസ്തീൻ പ്രശ്നത്തിന് ചർച്ചകളിലൂടെ തീരുമാനം കണ്ടെത്തണമെന്നും സമാധാനം പുനഃസ്ഥാപിക്കണമെന്നും ഇന്ത്യൻ വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു. ഇസ്രയേൽ-പലസ്തീൻ സംഘർഷവുമായി ബന്ധപ്പെട്ട ഇന്ത്യൻ നിലപാട് ഐക്യരാഷ്ട്ര സഭ ജനറൽ അസംബ്ലിയിൽ ഉന്നയിച്ചതായും അദ്ദേഹം പറഞ്ഞു. സംഘർഷത്തിനിടെയുള്ള സാധാരണ പൗരന്മാരുടെ മരണസംഖ്യ ഉയരുന്നതിലുള്ള ആശങ്ക ഇന്ത്യ പങ്കുവെച്ചതായും അദ്ദേഹം അറിയിച്ചു.
“ഒക്ടോബർ ഏഴിന് ഇസ്രയേലിനെതിരായ ഹമാസിന്റെ ക്രൂരമായ ആക്രമണത്തെ ശക്തമായി അപലപിക്കുന്നു. ഭീകരതയോട് സഹിഷ്ണുത കാണിക്കേണ്ടതില്ല, ബന്ദികളെ ഉടനടി നിരുപാധികം മോചിപ്പിക്കണം ,” അരിന്ദം ബാഗ്ചി പറഞ്ഞു. “ഗാസയിലെ മാനുഷിക പ്രതിസന്ധിയിലും വർദ്ധിച്ചുവരുന്ന സാധാരണക്കാരുടെ മരണത്തിലും ഞങ്ങൾക്ക് അഗാധമായ ഉത്കണ്ഠയുണ്ട് . സ്ഥിതിഗതികൾ പരിഹരിക്കാനുള്ള ശ്രമങ്ങളെ ഇന്ത്യ സ്വാഗതം ചെയ്യുന്നു. സമാധാന ചർച്ചകൾ പുനരാരംഭിക്കുന്നതിനുള്ള സാഹചര്യങ്ങൾ സൃഷ്ടിക്കുന്നതിനായി പ്രവർത്തിക്കാൻ ഇരുവിഭാഗങ്ങളോടും ഇന്ത്യ അഭ്യർത്ഥിച്ചിട്ടുണ്ടെന്നും” അദ്ദേഹം കൂട്ടിച്ചേർത്തു.
യുദ്ധക്കെടുതി അനുഭവിക്കുന്ന ഗാസയ്ക്ക് ഇന്ത്യ 38 ടൺ ആവശ്യവസ്തുക്കൾ എത്തിച്ചതായും അദ്ദേഹം പത്രസമ്മേളനത്തിൽ അറിയിച്ചു. പലസ്തീനിലെ ജനങ്ങൾക്കായി ഇന്ത്യ അയച്ച മെഡിക്കൽ സപ്ലൈകളിൽ അവശ്യ ജീവൻ രക്ഷാ മരുന്നുകളും, അടിയന്തര സാഹചര്യത്തിൽ ഉപയോഗിക്കാനുളള ശസ്ത്രക്രിയാ വസ്തുക്കളും ഉൾപ്പെടുന്നുണ്ട്. ടെന്റുകൾ, സ്ലീപ്പിംഗ് ബാഗുകൾ, ടാർപോളിനുകൾ, അടിസ്ഥാന സാനിറ്ററി യൂട്ടിലിറ്റികൾ, തുടങ്ങിയവ ഉൾപ്പെടുന്ന ഏകദേശം 32 ടൺ ദുരന്ത നിവാരണ വസ്തുക്കളും ഇന്ത്യ ഗാസയുടെ അടിയന്തിരാവശ്യങ്ങളുടെ ഭാഗമായി എത്തിച്ചുവെന്നു ഇന്ത്യൻ വക്താവ് പത്രസമ്മളനത്തിൽ അറിയിച്ചു. ഇസ്രയേലിൽ തുടരുന്ന ഇന്ത്യൻ പൗരന്മാരുടെ സുരക്ഷാ ഉറപ്പുവരുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post