എറണാകുളം : കേരള സർക്കാരിന് ദൈനംദിന ചെലവുകൾക്ക് പോലും പണത്തിന് ബുദ്ധിമുട്ടാണെന്ന് ചീഫ് സെക്രട്ടറി ഹൈക്കോടതിയിൽ അറിയിച്ചു. 27 കോടി രൂപ ചെലവിട്ട് കേരളീയം ആഘോഷപൂർവ്വം നടത്തിയതിന്റെ പിറ്റേന്നാണ് ചീഫ് സെക്രട്ടറിയുടെ ഈ പരാമർശം. ഇക്കാര്യം ചൂണ്ടിക്കാട്ടി ചീഫ് സെക്രട്ടറിക്ക് ഹൈക്കോടതിയിൽ നിന്നും രൂക്ഷവിമര്‍ശനം നേരിടേണ്ടി വന്നു. കെഎസ്ആർടിസിയിലെ പെൻഷൻ വിതരണം, എറണാകുളം അമ്പലമുകളിൽ രണ്ട് ഫാക്ടറികൾക്കിടയിൽ താമസിക്കുന്നവരുടെ പുനരധിവാസം എന്നിവയുമായി ബന്ധപ്പെട്ട ഹർജികള്‍ വാദം കേൾക്കുന്നതിനിടയിലാണ് ചീഫ് സെക്രട്ടറി സർക്കാരിനെ പണമില്ലെന്ന പരാമർശം നടത്തിയത്.
ചീഫ് സെക്രട്ടറി വി.വേണു ആണ് കെഎസ്ആർടിസിയെ നിരന്തരമായി സഹായിക്കാൻ സർക്കാരിന് കഴിയില്ലെന്ന് കോടതിയെ അറിയിച്ചത്. ദൈനംദിന ചിലവുകൾക്ക് പോലും സർക്കാരിന്റെ കയ്യിൽ പണമില്ലെന്നാണ് ഇതിന് കാരണമായി ചീഫ് സെക്രട്ടറി പറഞ്ഞത്. കേരളീയത്തിന്റെ തിരക്കു കാരണം തിങ്കളാഴ്ച കോടതിയിൽ ഹാജരാകാൻ കഴിയില്ലെന്ന് നേരത്തെ ചീഫ് സെക്രട്ടറി കോടതിയെ അറിയിച്ചിരുന്നു
നിങ്ങൾ ആഘോഷിക്കുമ്പോൾ മറ്റ് ചിലർ ബുദ്ധിമുട്ടുകയായിരുന്നുവെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ചീഫ് സെക്രട്ടറിയെ ഓർമ്മിപ്പിച്ചു. കെഎസ്ആര്‍ടിസി ജീവനക്കാരുടെ പെൻഷൻ നവംബർ 30-നകം പൂർണമായും കൊടുക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ചീഫ് സെക്രട്ടിയും ട്രാൻസ്പോർട്ട് സെക്രട്ടറിയും അന്ന് വീണ്ടും ഓൺലൈൻ വഴി കോടതിയിൽ ഹാജരാകണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു.
Discussion about this post