കണ്ണൂർ : പതിവായി ഹെൽമറ്റ് ഇല്ലാതെ യാത്ര ചെയ്ത യുവാവിന് കിട്ടിയത് മുട്ടൻ പണി. ട്രാഫിക് നിയമലംഘനം നടത്തിയതിന് 150 തവണയാണ് കണ്ണൂർ സ്വദേശിയായ 23 കാരൻ ക്യാമറയിൽ കുടുങ്ങിയത്. ഇതുവരെ അടയ്ക്കാനുള്ള പിഴ 86,500 രൂപയും. ഒടുവിൽ എം വി ഡി ആളെ വീട്ടിലെത്തി പൊക്കി.
എ ഐ ക്യാമറയിൽ കുടുങ്ങി പിഴ വന്ന വിവരം യുവാവിനെ നിരന്തരമായി അറിയിച്ചിരുന്നെങ്കിലും പിഴ അടച്ചിരുന്നില്ല. പിഴ വന്നതായുള്ള അറിയിപ്പുകൾ വന്നതിനുശേഷവും ഇയാൾ സ്ഥിരമായി നിയമലംഘനം തുടർന്നുകൊണ്ടിരുന്നു. ഹെൽമറ്റ് ഇല്ലാതെ യാത്ര ചെയ്തും മൂന്നു പേരെ വെച്ച് ബൈക്ക് ഓടിച്ചുമെല്ലാം നിരന്തരമായി ട്രാഫിക് നിയമലംഘനം നടത്തുകയായിരുന്നു.
ഒരാളുടെ പേരിൽ 150 ഓളം നിയമലംഘനങ്ങൾ കണ്ടെത്തിയപ്പോഴാണ് മോട്ടോർ വാഹന വകുപ്പ് കൂടുതൽ പരിശോധനകൾ നടത്തിയത്. ഇതോടെയാണ് ഈ യുവാവ് സ്ഥിരമായി ഹെൽമറ്റ് ഇല്ലാതെയാണ് വാഹനം ഓടിക്കുന്നത് എന്നും പലപ്പോഴും മൂന്നാളുകളെ വെച്ച് വാഹനം ഓടിക്കുന്നുണ്ടെന്നും കണ്ടെത്തിയത്. ഇതോടെ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ നേരിട്ട് കക്ഷിയുടെ വീട്ടിലെത്തി 86,500 രൂപയുടെ പിഴ നോട്ടീസ് കൈമാറി. മൂന്നാളെ വെച്ച് ഇരുചക്രവാഹനമോടിച്ചതിന്റെ പേരിൽ ഇയാളുടെ ലൈസൻസ് കട്ട് ചെയ്യാനും എം വി ഡി തീരുമാനിച്ചിട്ടുണ്ട്.
Discussion about this post