ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ കുറിച്ച് ഗവേഷണം ചെയ്ത് പിഎച്ച്ഡി പൂർത്തിയാക്കി യുവതി. ബനാറസ് ഹിന്ദു സർവകലാശാലയിൽ (ബിഎച്ച്യു) നിന്ന് വാരണാസിയിലെ ലല്ലാപുര സ്വദേശിയായ നജ്മ പർവീൺ ആണ് ഇന്ത്യൻ പ്രധാനമന്ത്രിയെ കുറിച്ച് ഗവേഷണം ചെയ്തത്. നരേന്ദ്രമോദിയുടെ രാഷ്ട്രീയജീവിതത്തെ കുറിച്ചാണ് ഗവേഷണം നടത്തിയത്.
പൊളിറ്റിക്കൽ സയൻസ് വിഭാഗത്തിൽ നിന്ന് ‘നരേന്ദ്ര മോദിയുടെ രാഷ്ട്രീയ നേതൃത്വം: ഒരു വിശകലന പഠനം’ എന്ന വിഷയത്തിലായിരുന്നു നജ്മയുടെ പിഎച്ച്ഡി.ഇതോടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കുറിച്ച് ഗവേഷണം നടത്തുന്ന രാജ്യത്തെ ആദ്യത്തെ മുസ്ലീം വനിതയായി മാറിയിരിക്കുകയാണ് ഇവർ.
2014 ആണ് നജ്മ തന്റെ പിഎച്ച്ഡി ഗവേഷണം ആരംഭിച്ചത്. ബിഎച്ച്യുവിലെ പ്രൊഫസർ സഞ്ജയ് ശ്രീവാസ്തവയുടെ കീഴിൽ എട്ട് വർഷത്തിനുള്ളിൽ ആണ് പഠനം പൂർത്തിയാക്കിയത്.വിശാൽ ഭാരത് സൻസ്ഥാന്റെ സ്ഥാപകനായ പ്രൊഫസർ രാജീവ് ശ്രീവാസ്തവയുടെ സാമ്പത്തിക പിന്തുണയും നജ്മയ്ക്ക് ലഭിച്ചിരുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയെന്ന നിലയിൽ സൃഷ്ടിച്ച വികസനത്തിന്റെ മാതൃകയാണ് ഈ വിഷയം തിരഞ്ഞെടുക്കാൻ കാരണമെന്നും യുവതി വ്യക്തമാക്കി. ”അദ്ദേഹത്തിന്റെ ജനപ്രീതി വർദ്ധിച്ചു, അദ്ദേഹം രാജ്യത്തിന്റെ പ്രധാനമന്ത്രിയായി. 2014 ലെ പൊതുതെരഞ്ഞെടുപ്പ് രാജ്യത്തിന്റെ മുഴുവൻ രാഷ്ട്രീയ ഭൂപ്രകൃതിയെയും മാറ്റിമറിച്ചു. ഭാരതീയ ജനതാ പാർട്ടിയുടെ വിജയം ദേശീയ രാഷ്ട്രീയത്തിൽ പ്രാദേശിക പാർട്ടികളുടെ സ്വാധീനം ഗണ്യമായി കുറച്ചുവെന്ന് യുവതി കൂട്ടിച്ചേർത്തു.
അഞ്ച് അധ്യായങ്ങളായാണ് നജ്മ തന്റെ ഗവേഷണം പൂർത്തിയാക്കിയത്. ഇതിൽ പ്രധാനമന്ത്രി മോദിയുടെ ജീവചരിത്രം ഉൾപ്പെടെ 20 ഹിന്ദി പുസ്തകങ്ങളും 79 ഇംഗ്ലീഷ് പുസ്തകങ്ങളും 37 പത്രങ്ങളും മാഗസിനുകളും നജ്മ റഫർ ചെയ്തിട്ടുണ്ട്. കൂടാതെ പ്രധാനമന്ത്രി മോദിയുടെ സഹോദരൻ പങ്കജ്, ആർഎസ്എസ് നേതാവ് ഇന്ദ്രേഷ് കുമാർ എന്നിവരുമായി നജ്മ ഗവേഷണത്തിനിടെ കൂടിക്കാഴ്ച നടത്തുകയും ചെയ്തു. മുത്തലാഖിനെതിരായ സമരത്തിൽ സജീവമായി നിലനിന്നിരുന്ന വ്യക്തി കൂടിയാണ് നജ്മ പർവീൺ. ഈ ആചാരത്തിനെതിരെ കേന്ദ്ര സർക്കാർ നിയമം കൊണ്ടുവന്നപ്പോൾ പ്രധാനമന്ത്രിക്ക് നന്ദി അറിയിച്ച ആദ്യ മുസ്ലീം സ്ത്രീയും ഇവരായിരുന്നു.
Discussion about this post