വാഷിംങ്ടൺ: ചിക്കുൻഗുനിയയ്‌ക്കെതിരായ വാക്‌സിന് അംഗീകാരം. അമേരിക്കൻ ആരോഗ്യമന്ത്രാലയമാണ് ലോകത്തെ ആദ്യ ചിക്കുൻഗുനിയ വാക്‌സിന് അംഗീകാരം നൽകിയത്. വാൽനേവ കമ്പനിയാണ് കൊതുക് പരത്തുന്ന ഈ വൈറസ് രോഗത്തിനെതിരായ വാക്‌സിൻ വികസിപ്പിച്ചെടുത്തത്. ഇക്‌സ് ചിക് എന്നാണ് വാക്‌സിന് നൽകിയിരിക്കുന്ന പേര്. 18 വയസിന് മുകളിലുള്ള ആളുകൾക്കാണ് ആദ്യഘട്ടത്തിൽ വാക്‌സിൻ നൽകുക.
പേശിയിലേക്ക് ഇൻഞ്ചക്ഷൻ രൂപത്തിൽ നൽകുന്ന സിംഗിൾ ഡോസ് മരുന്നാണിത്. നോർത്ത് അമേരിക്കയിൽ രണ്ടുഘട്ടങ്ങളായി നടത്തിയ ക്ലിനിക്കൽ ട്രയലിനൊടുവിലാണ് പ്രസ്തുത വാക്‌സിന്റെ സുരക്ഷിതത്വം വ്യക്തമായത്. പതിനെട്ടുവയസ്സും അതിനുമുകളിലും പ്രായമുള്ള 3,500 പേരിലാണ് ട്രയൽ നടത്തിയത്.
ചിക്കുൻഗുനിയയെ ‘ഉയർന്നു വരുന്ന ആഗോള ആരോഗ്യ ഭീഷണി’ എന്നാണ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ ചൂണ്ടിക്കാട്ടുന്നത്. മാരകമല്ലെങ്കിലും രോഗപ്രതിരോധ ശേഷി കുറഞ്ഞവർക്കും മറ്റും രോഗം ഗുരുതരമായേക്കാം. ചിക്കൻ ഗുനിയയുടെ ആഫ്രിക്കൻ നാമത്തിന് അർത്ഥം തന്നെ വേദനകൊണ്ട് വളഞ്ഞ്, കുനിഞ്ഞ് നിൽക്കുന്നു എന്നാണ്. ഈഡിസ് ഈജിപ്തി(Aedes aegypti), ഈഡിസ് ആല്‌ബോപിക്ടുസ്(Aedes albopictus) എന്നീ ഇനങ്ങളിലുള്ള പെൺ കൊതുകുകളാണ് ഈ രോഗം പരത്തുന്നത്.
Discussion about this post