ലണ്ടൻ: ഇന്ത്യ യുകെ പങ്കാളിത്തം ഏറെ നിർണായകമാണെന്ന് ഋഷി സുനക് ക്യാബിനറ്റിലെ പുതിയ ഇന്ത്യൻ വംശജയായ മന്ത്രി ക്ലെയർ കൗടിഞ്ഞോ. കാലാവസ്ഥാ വ്യതിയാനത്തിൽ ഉൾപ്പെടെ കൂടുതൽ സഹകരണത്തിന് ഇരുരാജ്യങ്ങൾക്കും ശേഷിയുണ്ടെന്നും അവർ പറഞ്ഞു. ബ്രിട്ടനിലെ ഊർജ്ജ സുരക്ഷാ മന്ത്രിയാണ് ക്ലെയർ.
ഊർജ്ജ മേഖല, കാലാവസ്ഥ വ്യതിയാനം, സമ്പദ് വ്യവസ്ഥ, നൂതനാശയങ്ങൾ തുടങ്ങി ഇന്ത്യയും യു കെയും ഒരുപോലെ ആഗ്രഹിക്കുന്ന ലക്ഷ്യങ്ങൾ ഒരുപാടാണ്. ഈ മേഖലകളിൽ മികച്ച മുന്നേറ്റം കൈവരിക്കാൻ ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം ആവശ്യമാണെന്നും അവർ പറഞ്ഞു. ഇന്ത്യ-യുകെ ഉഭയകക്ഷി ബന്ധത്തെക്കുറിച്ചും കാലാവസ്ഥാ മേഖലയിൽ ഇരുരാജ്യങ്ങളെയും കാത്തിരിക്കുന്ന സാധ്യതകളെയും കൗടിഞ്ഞോ ചൂണ്ടിക്കാട്ടി.
ഞാൻ ഒരിക്കലും ആദ്യത്തെ ബ്രിട്ടീഷ്- ഇന്ത്യ ക്യാബിനറ്റ് മന്ത്രിയല്ല. ഞാൻ ഗോവൻ കാബിനറ്റ് അംഗം പോലുമല്ല. പക്ഷെ ഇവിടെ മാറ്റങ്ങൾ കൊണ്ടുവരാൻ ഞങ്ങൾ ആഗ്രഹിക്കുന്നുവെന്നും കൗടിഞ്ഞോ പറഞ്ഞു. അതേസമയം സുസ്ഥിര ഭാവിക്കായി ഇന്ത്യയുടെ പല നടപടികളിൽ നിന്നും രാജ്യം പഠിക്കാനുണ്ടെന്ന് ലിസ് കെൻഡ (യുകെ ഷാഡോ സെക്രട്ടറി ഫോർ വർക്ക് ആൻഡ് പെൻഷൻസ് ) അഭിപ്രായപ്പെട്ടു.
ഗോവയിൽ വേരുകളുളള 38 കാരിയായ കൺസർവേറ്റീവ് എംപിയാണ് ക്ലെയർ. അടുത്തിടെ നടന്ന മന്ത്രിസഭാ പുനസംഘടനയിലാണ് ക്ലെയർ ക്യാബിനറ്റിൽ ഉൾപ്പെട്ടത്.
Discussion about this post