ഡെറാഡൂൺ: ഏകീതൃത സിവിൽ കോഡ് നടപ്പിലാക്കുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമായി മാറാൻ ഉത്തരാഖണ്ഡ്. അടുത്ത ആഴ്ച സംസ്ഥനത്ത് ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കാനാണ് സർക്കാരിന്റെ തീരുമാനം. ഇതുമായി ബന്ധപ്പെട്ട മുഴുവൻ നടപടികളും പൂർത്തിയായിട്ടുണ്ട്.
ദീപാവലിയ്ക്ക് ശേഷം നിയമസഭാ പ്രത്യേക സമ്മേളനം വിളിച്ച് ചേർക്കും. ഇതിൽ ബില്ല് പാസാക്കുമെന്നാണ് റിപ്പോർട്ടുകൾ. ഇതിൽ ഗവർണർ ഒപ്പുവയ്ക്കുന്നതോടെ ബില്ല് നിയമമാകും. ഏകീകൃത സിവിൽ കോഡിനെക്കുറിച്ച് പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ വിരമിച്ച ചീഫ് ജസ്റ്റിസ് രജ്ഞന ദേശായി അദ്ധ്യക്ഷനായ സമിതിയ് സർക്കാർ നിർദ്ദേശം നൽകിയിരുന്നു. രണ്ട് ദിവസത്തിനുള്ളിൽ സമിതി മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമിയ്ക്ക് റിപ്പോർട്ട് സമർപ്പിക്കും. ഈ സാഹചര്യത്തിലാണ് അടുത്ത ആഴ്ച തന്നെ നിയമം പാസാക്കാനുള്ള തീരുമാനം. കരട് ബില്ലും രജ്ഞന ദേശായി സർക്കാർ മുൻപാകെ സമർപ്പിക്കും.
ഏകീകൃത സിവിൽ കോഡ് അടുത്ത ആഴ്ച തന്നെ നടപ്പിലാക്കുന്ന കാര്യം മുഖ്യമന്ത്രിയാണ് മാദ്ധ്യമങ്ങളെ അറിയിച്ചത്. നിയമം നടപ്പിലാക്കാൻ പോകുന്നു എന്നത് അതിയായ സന്തോഷം നൽകുന്നുവെന്ന് അദ്ദേഹം പ്രതികരിച്ചു.
അതേസമയം ഉത്തരാഖണ്ഡ് നിയമം പാസാക്കാനിരിക്കെ ഗുജറാത്ത് സർക്കാരും ഇതുമായി ബന്ധപ്പെട്ട നടപടികൾ വേഗത്തിലാക്കുമെന്നാണ് സൂചന. ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുൻപ് ഗുജറാത്തും സംസ്ഥാനത്ത് നിയമം നടപ്പിലാക്കും. അങ്ങനെയെങ്കിൽ ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കുന്ന രണ്ടാമത്തെ സംസ്ഥാനമാകും ഗുജറാത്ത്.
Discussion about this post