ന്യൂഡല്‍ഹി: ആഴ്ചകളായി മലിനവായു ശ്വസിച്ചിരുന്ന ഡല്‍ഹിയിലെ ജനങ്ങള്‍ക്ക് അപ്രതീക്ഷിത മഴ രക്ഷയായി. മഴ പെയ്തതോടെ വായുമലിനീകരണം അന്‍പത് ശതമാനത്തോളം കുറഞ്ഞതായി പരിസ്ഥിതി മന്ത്രി ഗോപാല്‍ റായ് പറഞ്ഞു.
തലസ്ഥാനനഗരിയിലെ മൊത്തത്തിലുള്ള എക്യുഐ ഉച്ചകഴിഞ്ഞ് 227 ലേക്ക് താഴ്ന്നു. കഴിഞ്ഞ ദിവസങ്ങളില്‍ ഇത് പലയിടങ്ങളിലും 450 വരെയെത്തിയിരുന്നു. വായുമലിനീകരണം കുറയ്ക്കാന്‍ കൃത്രിമ മഴ പെയ്യിക്കാന്‍ സര്‍ക്കാര്‍ തയ്യാറെടുക്കുന്നതിനിടെയാണ് അപ്രതീക്ഷിതമായി പ്രകൃതി തന്നെ കനിഞ്ഞത്. മഴയ്ക്കൊപ്പം വീശിയ കാറ്റും അനുഗ്രഹമായി.
എന്നാല്‍ മഴയുടെ ആനുകൂല്യത്തില്‍ എത്ര ദിവസം അന്തരീക്ഷം കൂടുതല്‍ ശുദ്ധമായി നിലനില്‍ക്കുമെന്ന കാര്യത്തില്‍ ഉറപ്പില്ലെന്ന് മന്ത്രി പറഞ്ഞു. കാറ്റ് വീശിയതോടെ വിഷവായു കുറെയൊക്കെ മാറിയിട്ടുണ്ട്. വായുമലിനീകരണം കുറഞ്ഞത് ശൈത്യകാലത്തിന്റെ കടന്നുവരവിനും അവസരമൊരുക്കുമെന്ന് ഗോപാല്‍ റായ് പറഞ്ഞു.
വാഹന, പൊടി മലിനീകരണം, ബയോ മാസ് കത്തുന്നതിലൂടെയും വൈക്കോല്‍ കത്തിക്കുന്നതിലൂടെയും ഉണ്ടാകുന്ന മലിനീകരണം എന്നിവ പരിഹരിക്കാനുളള ശ്രമങ്ങള്‍ സര്‍ക്കാര്‍ തുടരും. ഇതോടൊപ്പം ദീപാവലിയുടെ പശ്ചാത്തലത്തില്‍ പടക്കങ്ങള്‍ പൊട്ടിക്കുന്നതിലൂടെ വരുന്ന അന്തരീക്ഷ മലിനീകരണം കുറയ്ക്കാനും പ്രവര്‍ത്തിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വെളളിയാഴ്ചയാണ് മഴ പെയ്തത്. ശനിയാഴ്ച രാവിലെയോടെ തന്നെ മലിനീകരണം രൂക്ഷമായിരുന്ന പലയിടങ്ങളിലും എക്യുഐ പകുതിയോളമായി കുറഞ്ഞിരുന്നു. അന്തരീക്ഷ മലിനീകരണം രൂക്ഷമായതോടെ സ്‌കൂളുകള്‍ക്ക് അവധി നല്‍കിയ സര്‍ക്കാര്‍ വര്‍ക്ക് ഫ്രം ഹോം പ്രോത്സാഹിപ്പിക്കുന്നതിനും തീരുമാനിച്ചിരുന്നു.
Discussion about this post